എം.ആർ. അജിത് കുമാറിന് ട്രിബ്യൂണലിലും തിരിച്ചടി; സസ്പെൻഷന് സ്‌റ്റേയില്ല

എറണാകുളം :സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത് കുമാറിന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലും തിരിച്ചടി . സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിൻ്റെ ആവശ്യം ട്രിബ്യൂണൽ തള്ളി. സർക്കാരിൻ്റെ വാദങ്ങൾ പരിഗണിച്ചാണ് ട്രിബ്യൂണൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.ഹർജിയിലെ വിശദമായ വാദം പിന്നീട് കേൾക്കുമെന്ന് ട്രിബ്യൂണൽ അറിയിച്ചു. സർക്കാരിന് മറുപടി നൽകാൻ നിർദേശം നൽകിയ ട്രിബ്യൂണൽ കേസ് ഈ മാസം 20-ന് വീണ്ടും പരിഗണിക്കും.അജിത് കുമാറിന് ഡി.ജി.പി. സ്ഥാനക്കയറ്റത്തിന് അർഹതയില്ലെന്നും, ഇരകൾക്ക് നീതി ലഭിക്കുന്നത് തടയുന്ന രീതിയിൽ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥനാണെന്നും സർക്കാർ ട്രിബ്യൂണലിൽ വാദിച്ചു.അതേസമയം, സസ്പെൻഷൻ നടപടി ചട്ടങ്ങൾ പാലിക്കാതെയാണ് സ്വീകരിച്ചതെന്നും, കേസിന്റെ അന്വേഷണം തന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് നടത്തിയതെന്നുമാണ് അജിത് കുമാറിന്റെ വാദം. എന്നാൽ ഈ വാദങ്ങൾ അംഗീകരിക്കാൻ ട്രിബ്യൂണൽ തയ്യാറായില്ല.ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞയാഴ്ച അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്. ആഭ്യന്തര മന്ത്രിയുടെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയായിരുന്നു നടപടി. അജിത് കുമാറിനെതിരായ നടപടി വൈകുന്നതിനെതിരെ നേരത്തെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.ഈ മാസം 31-ന് ഡി.ജി.പി. സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സസ്പെൻഷൻ നടപടി ഉണ്ടായത്. ഇതിനെ ചോദ്യം ചെയ്താണ് അദ്ദേഹം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.