വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിനെ അസംതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിനെ അസംതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിൻ്റെ  ഏകപക്ഷീയമായ നീക്കത്തിൽ കടുത്ത അസംതൃപ്തിയും വിയോജിപ്പും അറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. തുറമുഖത്തിൻ്റെ ഓഹരി ഘടനയിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റം വരുത്തണമെങ്കിൽ സംസ്ഥാന സർക്കാരിൻ്റെ മുൻകൂർ അനുമതി അനിവാര്യമാണെന്നും, നിലവിലെ സാഹചര്യത്തിൽ കർശനമായ പരിശോധനകൾക്ക് ശേഷം മാത്രമേ തുടർതീരുമാനം ഉണ്ടാവുകയുള്ളൂവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് (CMO) ഔദ്യോഗികമായി അറിയിച്ചു.

സംസ്ഥാന സർക്കാരുമായി യാതൊരുവിധ മുൻകൂർ കൂടിയാലോചനകളും നടത്താതെയാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ (AVPPL) 49 % ഓഹരി പങ്കാളിത്തത്തോടെ ആഗോള ഷിപ്പിംഗ് ഭീമന്മാരായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (MSC) നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനമുണ്ടായത്. സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ കൺസഷൻ കരാറിൻ്റെ  അടിസ്ഥാനത്തിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി യാഥാർത്ഥ്യമായത്. ഈ കരാറിലെ വ്യവസ്ഥകൾ പ്രകാരം സർക്കാരിൻ്റെ രേഖാമൂലമുള്ള അനുമതിയോടുകൂടി മാത്രമേ കൺസഷനറുടെ ഓഹരി ഘടനയിൽ മാറ്റം വരുത്താൻ പാടുള്ളൂ. അതിനാൽ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയമപരമായ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പൂർണ്ണമായി പരിശോധിച്ചതിന് ശേഷം മാത്രമേ ഈ വിഷയത്തിൽ സർക്കാർ അന്തിമ നിലപാട് സ്വീകരിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.

നേരത്തെ വിഴിഞ്ഞം തുറമുഖത്തിൻ്റെ ഓഹരി കൈമാറ്റത്തിന് അടിയന്തിര അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി കത്ത് നൽകിയിരുന്നു. വിഴിഞ്ഞം പോർട്ടിന്റെ 49% ഓഹരികൾ എംഎസ്സിക്ക് കൈമാറാനുള്ള തങ്ങളുടെ ആഭ്യന്തര തീരുമാനം കഴിഞ്ഞ ബുധനാഴ്ചയാണ് അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചത്. എന്നാൽ തങ്ങളോട് ആലോചിക്കാതെ അന്താരാഷ്ട്ര തലത്തിൽ ഇത്തരം പ്രഖ്യാപനങ്ങൾ നടത്തിയത് അംഗീകരിക്കാനാവില്ലെന്ന കർശന നിലപാടിലാണ് സർക്കാർ. തുറമുഖത്തിന്റെ നിയന്ത്രണവും സുരക്ഷയും മുൻനിർത്തിയായിരിക്കും സർക്കാർ ഈ വിഷയത്തിൽ അടുത്ത നടപടികളിലേക്ക് കടക്കുക. 

https://www.worldm.news/keralam/share-transfer-at-vizhinjam--31934