കെഎസ്ആർടിസി സൗജന്യയാത്ര : സ്ത്രീയാത്രക്കാർ വർദ്ദിച്ചുവരുന്നതായി ഗതാഗത മന്ത്രി

കെഎസ്ആർടിസി സൗജന്യയാത്ര : സ്ത്രീയാത്രക്കാർ വർദ്ദിച്ചുവരുന്നതായി ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയ ആദ്യദിവസം കെഎസ്ആർടിസിയ്ക്ക് ഉണ്ടായത്  15 കോടിയോളം രൂപയുടെ ബാദ്ധ്യത .കെഎസ്ആർടിസിക്ക് പ്രതിമാസം 60 കോടിയിലധികം രൂപ അല്ലെങ്കിൽ പ്രതിവർഷം 800 കോടി രൂപ ചെലവാകുമെന്നും ഇത് പൂർണമായും സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്തെ 3125 ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ഓർഡിനറി, പോയിൻ്റ് ടു പോയിൻ്റ്, ഗ്രാമവണ്ടി, ഫെയർ സ്‌റ്റേജ് എൽഎസ്, ടൗൺ ടു ടൗൺ എന്നീ വിഭാഗങ്ങളിലാണ് ആനുകൂല്യം ലഭിക്കുക. സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ബസുകൾ യാത്രക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി പ്രത്യേക സ്‌റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. ഡ്രൈവറുടെ കാഴ്‌ച മറയ്ക്കാത്ത രീതിയിൽ ബസിൻ്റെ മുൻവശത്തെ ചില്ലിലും രണ്ട് വാതിലുകളുടെയും വശങ്ങളിലുമായാണ് സ്‌റ്റിക്കറുകൾ പതിപ്പിച്ചിരിക്കുന്നത്.

ഓർഡിനറി സർവീസിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി മന്ത്രി സി പി ജോൺ പറഞ്ഞു.പദ്ധതി നടപ്പായതിന് ശേഷമുള്ള ദിവസം ഓർഡനറി സർവീസുകളിൽ യാത്ര ചെയ്‌തതിൽ 64 ശതമാനവും സ്ത്രീകളായിരുന്നു. ജൂൺ എട്ടിന് 14.40 ലക്ഷം യാത്രക്കാരുണ്ടായിരുന്നു. എന്നാൽ, 16ന് അത് 18.56 ലക്ഷമായി ഉയർന്നെന്നും മന്ത്രി സി പി ജോൺ അറിയിച്ചു.