തെരുവ് നായ ആക്രമണം; സ്‌കൂട്ടറിൽ നിന്ന് വീണ് സ്‌ത്രീയ്‌ക്ക് ദാരുണാന്ത്യം

തെരുവ് നായ ആക്രമണം; സ്‌കൂട്ടറിൽ നിന്ന് വീണ് സ്‌ത്രീയ്‌ക്ക് ദാരുണാന്ത്യം

തൃശൂർ:  തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്ന് വീണ് സ്‌ത്രീ മരിച്ചു. മുറ്റിച്ചൂർ സ്വദേശി തൊപ്പിയിൽ സെയ്‌തുമുഹമ്മദിൻ്റെ ഭാര്യ സുഹ്‌റ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്  മുറ്റിച്ചൂർ കല്ലാറ്റ്പ്പുഴ ശിവക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. പേരകുട്ടിയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇവർ പിറകിലൂടെ എത്തിയ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടർ  നിയന്ത്രണം വിടുകയും യാത്രക്കാരിയായ സ്‌ത്രീ റോഡിലെ കല്ലിൽ തലയടിച്ച് വീഴുകയുമായിരുന്നു. ഉടൻ വലപ്പാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോട് കൂടി മുറ്റിച്ചൂര് കല്ലാറ്റ്‌പുഴ ക്ഷേത്രത്തിന് അടുത്ത് തെരുവ് നായ ആക്രമണത്തിൽ ഒരാൾക്ക് അപകടം പറ്റിയ വിവരം ജനങ്ങൾ വിളിച്ച് പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്നും സ്ഥിരമായി തെരുവ് നായ്‌കളുടെ ശല്യം ഇവിടെ ഉണ്ടാകാറുണ്ടെന്നും വാർഡ് മെമ്പർ പറഞ്ഞു. മദ്രസയിലും അമ്പലത്തിലും പോവുന്ന നിരവധി കുഞ്ഞുങ്ങൾക്ക് നേരെ തെരുവ് നായകൾ കൂട്ടമായി ചാടി അടുക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് തെരുവുനായ ശല്യം സ്ഥിരമാണെന്ന് പലതവണ അറിയിച്ചിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം.