പ്രഭാമണ്ഡലത്തിൽ നിന്നും വ്യാളീരൂപത്തിൽ നിന്നും സ്വർണം അടിച്ചുമാറ്റി : ശബരിമലയിൽ നടന്നത് വൻ കൊള്ള,

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽനിന്ന് കൂടുതൽ സ്വർണക്കൊള്ള നടന്നെന്ന നിർണായക വെളിപ്പെടുത്തലുമായി കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റി, ഗോവർധൻ, പങ്കജ് ഭണ്ഡാരി എന്നിവരെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് സ്വർണക്കൊള്ളയെ സംബന്ധിച്ച ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ അന്വേഷണസംഘം വെളിപ്പെടുത്തിയിരിക്കുന്നത്.
ശബരിമല ശ്രീകോവിൽ വാതിലിൻ്റെ കട്ടിളയിൽ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പുപാളികളിൽനിന്നും രാശിചിഹ്നങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പുപാളികളിൽനിന്നും സ്വർണം കവർന്നിട്ടുണ്ട്. കൂടാതെ കട്ടിളയുടെ മുകൾപ്പടി ചെമ്പുപാളിയിലും കട്ടിളയ്ക്കുമുകളിൽ പതിപ്പിച്ചിട്ടുള്ള ശിവരൂപവും വ്യാളീരൂപവും അടങ്ങുന്ന പ്രഭാമണ്ഡലത്തിലുമുള്ള സ്വർണം പതിച്ച ചെമ്പുപാളികളിലും പൊതിഞ്ഞിരുന്ന സ്വർണവും നഷ്ടമായി. ഇത്തരത്തിൽ സ്വർണം പതിച്ച ഏഴ് ചെമ്പുപാളികളിൽനിന്നുമാണ് സ്വർണം കവർന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.കേസിൽ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിൽ ചെന്നൈയിലുള്ള സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ വച്ച് രാസമിശ്രിതം ഉപയോഗിച്ചാണ് സ്വർണം വേർതിരിച്ചെടുത്തത്. ഇപ്രകാരം വേർതിരിച്ചെടുത്ത സ്വർണം പങ്കജ് ഭണ്ഡാരിയുടെയും ബല്ലാരിയിലെ ജ്വലറി ഉടമ ഗോവർധൻ്റെയും കൈവശമുണ്ടെന്നും എസ്ഐടി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപത്തിലും പട്ടിളപ്പാളിയിലും പതിപ്പിച്ചിരുന്ന സ്വർണം മാത്രമാണ് കവർച്ച നടത്തിയതെന്നായിരുന്നു ഇതുവരെയുള്ള കണ്ടെത്തൽ. എന്നാൽ ഏവരെയും അമ്പരപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ അന്വേഷണസംഘം കോടതിക്കു നൽകിയ റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്
ശബരിമല ശ്രീകോവിലിൻ്റെ കട്ടിളയിൽ പതിച്ചിരുന്ന 'സ്വർണം പൂശിയ ചെമ്പ് പാളികൾ' എന്നത് രേഖകളിൽ 'ചെമ്പ് പാളികൾ' എന്ന് മാത്രം രേഖപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡിന് വൻ നഷ്ടവും പ്രതികൾക്ക് അന്യായ ലാഭവും ഉണ്ടാക്കിയെന്നാണ് കേസ്. 2019 കാലയളവിലെ ദേവസ്വം ബോർഡ് അംഗങ്ങളുടെ അറിവോടെയും അന്നത്തെ ദേവസ്വം കമ്മിഷണറുടെ ശിപാർശയിന്മേലും 42.100 കിലോ സ്വർണം പൂശിയ പാളികൾ അനധികൃതമായി ഇളക്കിയെടുത്ത് സ്വർണം വേർതിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വേർതിരിച്ചെടുത്ത് കട്ടയാക്കി മാറ്റുകയും ദേവസ്വം ബോർഡിനെ വഞ്ചിക്കുകയും ചെയ്തുവെന്നാണ് അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ.
ഗൂഢാലോചനയും സ്വർണം വേർതിരിക്കലും
പ്രതികൾക്ക് അന്യായ ലാഭവും തിരുവിതാംകൂർ ദേവസ്വം ബോർഡിന് നഷ്ടവും വരുത്തണമെന്ന ഉദ്ദേശത്തോടെ, ശബരിമല ശ്രീകോവിലിൻ്റെ കട്ടിളയിൽ പതിച്ചിരുന്ന സ്വർണം പൂശിയ ചെമ്പ് പാളികൾ എന്നത് മാറ്റി ചെമ്പ് പാളികൾ എന്ന് മാത്രം രേഖപ്പെടുത്തിയാണ് തട്ടിപ്പിന് തുടക്കമിട്ടത്. അന്നത്തെ ദേവസ്വം കമ്മിഷണർ ആയിരുന്ന മൂന്നാം പ്രതിയുടെ ശിപാർശ പ്രകാരം 18.05.2019ന് 42.100 കിലോ സ്വർണം പൂശിയ ചെമ്പ് പാളികൾ അനധികൃതമായി ഇളക്കിയെടുത്തു. ഇത് ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി വഴി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ എത്തിച്ച് രാസപ്രക്രിയയിലൂടെ സ്വർണം വേർതിരിച്ചെടുക്കുകയായിരുന്നു. ഇതിൽ 409 ഗ്രാം സ്വർണം ഉൾപ്പെടെയുള്ളവ കട്ടയാക്കി മാറ്റുകയും ഒന്നാം പ്രതി രണ്ടാം പ്രതിയിൽ നിന്നും ഇത് കൈപ്പറ്റുകയും ചെയ്തു.
2025 ഒക്ടോബർ 11ന് രജിസ്റ്റർ ചെയ്ത കേസിൻ്റെ അന്വേഷണം ഒക്ടോബർ 12ന് എസ്പി എസ് ശശിധരൻ ഐപിഎസ് ഏറ്റെടുത്തു. നവംബർ മൂന്നിന് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ പാർപ്പിച്ചു. നവംബർ മൂന്ന് മുതൽ 10 വരെയും ഡിസംബർ 15 മുതൽ 16 വരെയും ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിൽ ഗൂഢാലോചന തെളിഞ്ഞതിനാലും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ നടന്നതിനാലും ഐപിസി 120 ബി അടക്കമുള്ള വകുപ്പുകൾ കൂടി കേസിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
2019 ജൂലൈ 19ന് ശ്രീകോവിലിൻ്റെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ പാളികളും ജൂലൈ 20ന് പില്ലർ പ്ലേറ്റുകളിലെ സ്വർണ പാളികളും ഇളക്കിയെടുത്ത് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോവുകയായിരുന്നു. ദശാവതാരങ്ങൾ, രാശി ചിഹ്നങ്ങൾ, പ്രഭാമണ്ഡലം എന്നിവ ആലേഖനം ചെയ്ത സ്വർണം പൂശിയ ഏഴ് ചെമ്പ് പാളികളിൽ നിന്നും സ്മാർട്ട് ക്രിയേഷൻസിൽ വച്ച് ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരിയും പത്താം പ്രതി ഗോവർധനും ചേർന്ന് സ്വർണം വേർതിരിച്ചെടുത്തതായും തെളിഞ്ഞിട്ടുണ്ട്.
തിരിച്ചേൽപ്പിച്ച സ്വർണത്തിലും കൃത്രിമം
ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരിയെ ചോദ്യം ചെയ്തതിൽ, സ്വർണം വേർതിരിച്ചെടുക്കുന്നതിനും പൂശുന്നതിനുമുള്ള കൂലിയായി സ്വർണം എടുത്തെന്നും അതിന് തുല്യമായ 109.243 ഗ്രാം സ്വർണം 2025 ഒക്ടോബർ 25ന് ഇയാൾ ഹാജരാക്കുകയും അത് മഹസർ പ്രകാരം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഒന്നാം പ്രതിയും ഒമ്പതാം പ്രതിയും ചേർന്നെടുത്ത തീരുമാനപ്രകാരം പങ്കജ് ഭണ്ഡാരിയിൽ നിന്നും കലേഷ് എന്നയാൾ മുഖാന്തിരം ലഭിച്ച സ്വർണത്തിന് പകരമാണെന്ന് പറഞ്ഞ് 474.960 ഗ്രാം സ്വർണം ഒക്ടോബർ 24ന് പത്താം പ്രതി ഗോവർധനും ഹാജരാക്കി. ഇതും ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
എന്നാൽ പ്രതികൾ തിരികെ നൽകിയ സ്വർണത്തേക്കാൾ വലിയ അളവ് സ്വർണം യഥാർഥത്തിൽ ക്ഷേത്രത്തിലെ പാളികളിൽ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ വെളിവായിട്ടുള്ളത്. പാളികളിൽ ഉണ്ടായിരുന്ന സ്വർണത്തിൻ്റെ കൃത്യമായ അളവ് തിട്ടപ്പെടുത്താൻ സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരം വിഎസ്എസ്സിയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൻ്റെ ഫലം ലഭിക്കാനുണ്ട്.
ദേവസ്വം മുതലുകൾ സംരക്ഷിക്കാൻ ബാധ്യതയുള്ള ഉന്നത ഉദ്യോഗസ്ഥർ പ്രതികളുമായി ഗൂഢാലോചന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. മൂന്നാം പ്രതിയായ ദേവസ്വം കമ്മിഷണർ എൻ വാസു, നാലാം പ്രതിയായ തിരുവാഭരണം കമ്മിഷണർ കെഎസ് ബൈജു, അഞ്ചാം പ്രതിയായ ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ ഡി സുധീഷ് കുമാർ, ആറാം പ്രതിയായ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, എട്ടാം പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാർ എന്നിവർ ഗൂഢാലോചന നടത്തി സ്വർണം അപഹരിക്കാൻ കൂട്ടുനിന്നുവെന്നാണ് കേസ്
ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരിയെ 2025 ഡിസംബർ 19ന് വൈകിട്ട് 4.35നും പത്താം പ്രതി ഗോവർധനെ അന്നേദിവസം 5.20നും അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചു. ഹാജരാക്കിയ സ്വർണത്തേക്കാൾ കൂടുതൽ സ്വർണം പാളികളിൽ ഉണ്ടായിരുന്നു എന്ന് തെളിഞ്ഞതിനാൽ ബാക്കി സ്വർണം അപഹരിച്ച് സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതിനെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ട്. ഇതിനായി ഒന്ന്, ഒമ്പത്, പത്ത് പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് വ്യക്തത വരുത്തുന്നതിനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുകയാണ്.