ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിലെ ഫ്ലാറ്റിൽ നിന്ന് 17 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി |

എറണാകുളം: പെരുമ്പാവൂർ മാറമ്പിള്ളിയിൽ സംസ്ഥാനത്തെ ഞെട്ടിച്ച് വൻ മയക്കുമരുന്ന് വേട്ട രാജ്യാന്തര വിപണിയിൽ ഏകദേശം 17 കോടി രൂപ വിലമതിക്കുന്ന മാരകശേഷിയുള്ള ‘ഹൈബ്രിഡ് കഞ്ചാവുമായി’ വൈപ്പിൻ അറുകാട് സ്വദേശി ആയുഷ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫുംപെരുമ്പാവൂർ പോലീസും സംയുക്തമായി നടത്തിയ അതിസാഹസികമായ നീക്കത്തിലാണ് പ്രതി വലയിലായത്.കഴിഞ്ഞ ദിവസം മാറമ്പിള്ളിയിൽ വെച്ച് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ആയുഷിന്റെ സ്കൂട്ടർ ഡാൻസാഫ് സംഘം തടഞ്ഞുനിർത്തി പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് സ്കൂട്ടറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ ഹൈബ്രിഡ് കഞ്ചാവ് ആദ്യം കണ്ടെടുത്തത്. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ലഹരിമരുന്നിന്റെ വൻശേഖരത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.ആയുഷ് കഴിഞ്ഞ ഒരാഴ്ചയായി മാറമ്പിള്ളിയിലെ ഒരു ആഡംബര ഫ്ലാറ്റിൽ മുറിയെടുത്ത് താമസിച്ച് വരികയായിരുന്നു. സ്കൂട്ടറിലെ കഞ്ചാവ് വേട്ടയ്ക്ക് പിന്നാലെ പോലീസ് ഈ ഫ്ലാറ്റിൽ എത്തി നടത്തിയ പരിശോധനയിൽ ചാക്കുകളിലും പ്രത്യേക പാക്കറ്റുകളിലുമായി സൂക്ഷിച്ചിരുന്ന 16 കിലോ ഹൈബ്രിഡ് കഞ്ചാവ് കൂടി കണ്ടെത്തുകയായിരുന്നു. ഇതോടെ ആകെ 17 കിലോയോളം മാരക ലഹരിവസ്തുക്കളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്.
സംസ്ഥാന ചരിത്രത്തിൽ തന്നെ ഇത്രയധികം തുക വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത് ഇതാദ്യമായാണെന്ന് എറണാകുളം റൂറൽ പോലീസ് മേധാവി വ്യക്തമാക്കി. വിദേശത്തുനിന്നും അന്തർസംസ്ഥാനങ്ങളിൽ നിന്നും കൊച്ചിയിലെത്തിക്കുന്ന ഇത്തരം ഹൈബ്രിഡ് കഞ്ചാവ് ഇനങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത് വൻകിട പാർട്ടികളെയും വിദ്യാർത്ഥികളെയുമാണ്. സംഭവത്തിന് പിന്നിലെ രാജ്യാന്തര ലഹരി മാഫിയാ ബന്ധങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ലഹരി വിൽപന നടത്തിവന്ന വഴിയോരക്കട പോലീസ് പൊളിച്ചുനീക്കി
ഇടുക്കി ശാന്തൻപാറയിൽ ദീർഘനാളായി ലഹരി വിൽപന നടത്തിവന്ന വഴിയോരക്കട ശാന്തൻപാറ പോലീസിന്റെ നേതൃത്വത്തിൽ പൂർണ്ണമായി പൊളിച്ചുനീക്കി. ശാന്തൻപാറ സ്വദേശിയായ ഈശ്വരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയാണ് നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പോലീസ് ഉദ്യോഗസ്ഥർ ഇടിച്ചുനിരത്തിയത്.ഈശ്വരൻ പ്രദേശത്തെ സ്ഥിരം ലഹരി വിൽപനക്കാരനാണെന്ന് പോലീസ് വ്യക്തമാക്കുന്നു. മുൻപ് ഇയാളുടെ കടയിൽ നിന്നും ലഹരിമരുന്ന് പിടികൂടിയതിനെ തുടർന്ന് കട ഒഴിഞ്ഞു പോകണമെന്ന് കാണിച്ച് പോലീസ് ഔദ്യോഗികമായി നോട്ടീസ് നൽകിയിരുന്നു. എന്നാൽ പോലീസിന്റെ നോട്ടീസിനെതിരെ പ്രതി ഈശ്വരൻ അടിയന്തരമായി ഹൈക്കോടതിയെ സമീപിച്ച് അനുകൂല സ്റ്റേ ഉത്തരവ് സമ്പാദിച്ചു. ഇതിനെതിരെ ശാന്തൻപാറ പോലീസ് ഇയാൾ പ്രതിയായ പഴയ ലഹരിക്കേസുകളുടെ കൃത്യമായ വിവരങ്ങളും ഡോസിയറും ഉൾപ്പെടുത്തി ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. പ്രതി നിയമത്തിന്റെ ആനുകൂല്യം മുതലെടുത്ത് സ്ഥിരമായി ലഹരി വിൽപന നടത്തുകയാണെന്ന് കോടതിയെ ബോധ്യപ്പെടുത്തിയ പോലീസ്, സ്റ്റേ നീക്കിവെച്ച് അനുകൂല ഉത്തരവ് വാങ്ങിയ ശേഷമാണ് ഇന്ന് കട പൂർണ്ണമായി പൊളിച്ചുമാറ്റിയത്. വരുംദിവസങ്ങളിലും ലഹരിക്കെതിരെ അതിശക്തമായ നടപടികൾ തുടരുമെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി അറിയിച്ചു