കൂട്ടസ്ഥലംമാറ്റത്തിന് തിരിച്ചടി; 181 ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ട്രൈബ്യൂണൽ സ്റ്റേ ചെയ്തു

കൂട്ടസ്ഥലംമാറ്റത്തിന് തിരിച്ചടി; 181 ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ട്രൈബ്യൂണൽ സ്റ്റേ ചെയ്തു

തിരുവനന്തപുരം: റവന്യൂ വകുപ്പിലെ 181 തഹസിൽദാർമാരുടെയും സീനിയർ സൂപ്രണ്ടുമാരുടെയും കൂട്ടസ്ഥലംമാറ്റ ഉത്തരവിന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ താത്കാലിക വിലക്ക് ഏർപ്പെടുത്തി . ലാൻഡ് റവന്യൂ കമ്മീഷണർ പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവാണ് ട്രൈബ്യൂണലിലെ അഡ്മിനിസ്ട്രേറ്റീവ് അംഗം എൻ. വാസുദേവൻ സ്റ്റേ ചെയ്തത്.സ്ഥലംമാറ്റ നടപടികൾ നിലവിലുള്ള മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കാതെയാണെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു. ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടുന്നതിനായി കരട് പട്ടിക പ്രസിദ്ധീകരിക്കാതെയും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയും അടിയന്തരമായി ഉത്തരവ് പുറപ്പെടുവിച്ചതാണ് പ്രധാന വീഴ്ചയെന്ന് ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ സ്ഥലംമാറ്റ ഉത്തരവിന്റെ സാധുത ചോദ്യം ചെയ്യപ്പെടുന്നതായും ട്രൈബ്യൂണൽ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിന് താത്കാലിക സ്റ്റേ അനുവദിച്ചത്.അതേസമയം, സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയും ദുരന്തസാധ്യതയും പരിഗണിച്ച് രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കാനാണ് അടിയന്തര സ്ഥലംമാറ്റം നടത്തിയതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. എന്നാൽ ഈ വാദം ട്രൈബ്യൂണൽഅംഗീകരിച്ചില്ല.എന്നാൽ, സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇതിനകം പുതിയ സ്ഥലങ്ങളിൽ ജോലിയിൽ പ്രവേശിച്ച ഉദ്യോഗസ്ഥർക്ക് ട്രൈബ്യൂണലിന്റെ ഈ സ്റ്റേ ഉത്തരവ് ബാധകമാകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്