കേരള പൊലീസില്‍ ജോലി നേടാം, വനിതകള്‍ക്കും അവസരം

കേരള പൊലീസില്‍ ജോലി നേടാം, വനിതകള്‍ക്കും അവസരം

തിരുവനന്തപുരം പിഎസ്‌സിയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, വനിത പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നീ തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 01ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കാം. ശമ്പളം 31,100 രൂപ മുതല്‍ 66,800 രൂപ വരെ ലഭിക്കും.

ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കേരള പബ്ലിക് സർവീസ് കമ്മിഷന്‍റെ www.keralapsc.gov.in ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ അപേക്ഷ സമര്‍പ്പിക്കാനാകൂ. എന്നാല്‍ ഭിന്നശേഷിക്കാര്‍ക്ക് ഈ തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.സംസ്ഥാന വ്യാപകമായി നേരിട്ടുള്ള നിയമന രീതിയായിരിക്കും ഉണ്ടാകുക. അപേക്ഷാര്‍ഥികള്‍ 20 വയസിനും 32 വയസിനും ഇടയിലുള്ള ആളായിരിക്കണം. അതായത് 02.01.1994നും 01.01.2006നും ഇടയിൽ ജനിച്ചവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാനാകുക.

എന്നാല്‍ ഉയര്‍ന്ന പ്രായപരിധി 35 വയസ് വരെയും മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവർക്ക് 37 വയസ് വരെയുള്ളവര്‍ക്കും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് 45 വയസുമാണ് പ്രായപരിധി.

വിദ്യാഭ്യാസ യോഗ്യത: പ്ലസ്‌ ടു പരീക്ഷ പാസായിരിക്കണം. അതല്ലെങ്കില്‍ തത്തുല്യമായ മറ്റ് കോഴ്‌സുകള്‍ ഏതെങ്കിലും കരസ്ഥമാക്കിയിട്ടുണ്ടായിരിക്കണം. തത്തുല്യ യോഗ്യതയുള്ളവരാണെങ്കില്‍ യോഗ്യത സംബന്ധിച്ച സർക്കാർ ഉത്തരവ് കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതാണ്.

ടെക്‌നിക്കല്‍ ക്വാലിഫിക്കേഷന്‍: ലൈറ്റ് മോട്ടോർ വാഹനങ്ങൾ, ഹെവി പാസഞ്ചർ വാഹനങ്ങൾ, ഹെവി ഗുഡ്‌സ് വാഹനങ്ങൾ എന്നിവയുടെ ഡ്രൈവിങ് ലൈസന്‍സ് (ബാഡ്‌ജോട് കൂടിയത്) നിര്‍ബന്ധമാണ്. ഈ വാഹനങ്ങള്‍ ഓടിക്കാന്‍ കഴിഞ്ഞിരിക്കണം. തസ്‌തികയിലേക്കുള്ള തെരഞ്ഞെടുപ്പ് സമയത്ത് നടത്തുന്ന പ്രായോഗിക പരീക്ഷയിൽ ഇത് തെളിയിക്കുകയും വേണം. തെരഞ്ഞെടുപ്പിനായുള്ള ഒഎംആര്‍ ടെസ്റ്റ്/ ഫിസിക്കല്‍ എഫിഷന്‍സി ടെസ്റ്റ്/പ്രാക്‌ടിക്കല്‍ ടെസ്റ്റ്/ വണ്‍ ടൈം വാരിഫിക്കേഷൻ എന്നീ ഘട്ടങ്ങളില്‍ ബാഡ്‌ജോട് കൂടിയ ലൈസന്‍സ് ഉദ്യോഗാര്‍ഥികളുടെ കൈവശമുണ്ടാകണം.

ഫിസിക്കല്‍ ക്വാലിഫിക്കേഷന്‍: പ്രസ്‌തുത തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ഫിസിക്കലി ഫിറ്റായിരിക്കണം.

നിയമനത്തിനായി പരിഗണിക്കുന്ന ശാരീരിക യോഗ്യതകള്‍ ഇങ്ങനെ:

ഉയരം: ഉദ്യോഗാര്‍ഥികള്‍ (സ്‌ത്രീ/പുരുഷന്‍) യഥാക്രമം 168 സെന്‍റീമീറ്ററിലും 157 സെന്‍റീമീറ്ററിലും കുറയരുത്.

ചെസ്റ്റ്: നെഞ്ചളവ് 81 സെന്‍റിമീറ്ററിൽ കുറയരുത്. കുറഞ്ഞത് 5 സെന്‍റിമീറ്ററിൽ വികാസം ഉണ്ടായിരിക്കണം. (പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രം).

പട്ടികജാതി/പട്ടികവർഗത്തില്‍ നിന്നുള്ളവര്‍ക്ക് ഏറ്റവും കുറഞ്ഞ ഉയരവും നെഞ്ചളവും യഥാക്രമം 161 സെന്‍റിമീറ്ററും 76 സെന്‍റിമീറ്ററും പട്ടികജാതി/പട്ടികവർഗ വനിതകള്‍ക്ക് ഏറ്റവും കുറഞ്ഞ ഉയരം 151 സെന്‍റിമീറ്ററും ആയിരിക്കണം.

ഉദ്യോഗാര്‍ഥികള്‍ ആരോഗ്യമുള്ളവരായിരിക്കണം. അതോടൊപ്പം കാലുകളില്‍ വളവ്, വെരിക്കോസ് വെയിന്‍, കേള്‍വിക്കുറവ്, സംസാരശേഷിയില്ലാത്തവര്‍, കാഴ്‌ച കുറവുള്ളവര്‍ എന്നിവരായിരിക്കരുത്. കണ്ണട ധരിക്കാതെ തന്നെ ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ പറയുന്ന കാഴ്‌ച നിലവാരം ഉണ്ടായിരിക്കണം:

വിഷന്‍ വലത് കണ്ണ് ഇടത് കണ്ണ്

ഡിസ്‌റ്റന്‍ഡ് വിഷന്‍ 6/6 Snellen 6/6 Snellen

നിയര്‍ വിഷന്‍ 0.5 Snellen 0.5 Snellen

ഇരു കണ്ണുകള്‍ക്കും പൂർണമായ കാഴ്‌ചശക്തി ഉണ്ടായിരിക്കണം. കളര്‍ ബ്ലൈന്‍ഡ്‌നസ്, നൈറ്റ് ബ്ലൈന്‍ഡ്‌നസ്, കോങ്കണ്ണ് അല്ലെങ്കില്‍ കണ്‍പോളകളില്‍ എന്തെങ്കിലും അസുഖങ്ങള്‍ എന്നിവയുള്ളവരെ അയോഗ്യരായി കണക്കാക്കും. ശാരീരികക്ഷമത തിരിച്ചറിയുള്ള സര്‍ക്കാര്‍ ഡോക്‌ടര്‍മാരില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും കാഴ്‌ച സംബന്ധിച്ച് സർക്കാർ സർവീസിലുള്ള ഒരു നേത്രരോഗ വിദഗ്‌ധനിൽ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. ഇത് പ്രായോഗിക പരിശോധന സമയത്ത് ഹാജരാക്കണം. മാത്രമല്ല അപേക്ഷിക്കുന്ന സമയത്ത് ഈ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യണം. നാഷണല്‍ ഫിസിക്കല്‍ എഫിഷന്‍സി വണ്‍ സ്റ്റാര്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റില്‍ 5 എണ്ണത്തിലും ക്വാലിഫൈഡ് ആയിരിക്കണം.

പുരുഷന്‍

Sl.no Item Minimum standard of efficiency

1. 100 മീറ്റര്‍ ഓട്ടം 15 സെക്കന്‍ഡ്

2. ഹൈജമ്പ് 120 സെ.മി

3. ലോങ്‌ജമ്പ് 350 സെ.മി

4. ഷോട്ട്‌ പുട്ട് (7264 ഗ്രാം) 600 സെ.മി

5. ത്രോയിങ് ക്രിക്കറ്റ് ബോള്‍ 5000 സെ.മി

6. റോപ്പ് ക്ലംബിങ് 365.8 സെ.മി

7. പുള്‍ അപ്പ്‌സ് or ചിന്നിങ് 8 ടൈംസ്

8. 1500 മീറ്റര്‍ ഓട്ടം 6 മിനിറ്റ് 30 സെക്കന്‍ഡ്

സ്‌ത്രീകള്‍

Sl.no Item Minimum standard of efficiency

1. 100 മീറ്റര്‍ ഓട്ടം 18 സെക്കന്‍ഡ്

2. ഹൈജമ്പ് 90 സെ.മി

3. ലോങ്‌ജമ്പ് 250 സെ.മി

4. ഷോട്ട്‌ പുട്ട് (4 KG) 450 സെ.മി

5. ത്രോയിങ് ദ ത്രോ ബോള്‍ 14 മീറ്റര്‍

6. ഷട്ടില്‍ റൈസ് (25x4) മീറ്റര്‍ 26 സെക്കന്‍ഡ്

7. സ്‌ക്കിപ്പിങ് (1 മിനിറ്റ്) 80 ടൈംസ്

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ശാരീരിക ക്ഷമതാ പരിശോധനയ്ക്ക് മുമ്പ് ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പ് നടത്തും. നിശ്ചിത ശാരീരിക അളവുകൾ ഇല്ലാത്തവരെ ശാരീരിക കാര്യക്ഷമതാ പരിശോധനയ്ക്ക് പ്രവേശിപ്പിക്കുന്നതല്ല.

ശാരീരിക കാര്യക്ഷമതാ പരിശോധനയിൽ പങ്കെടുക്കുമ്പോൾ ഒരു ഉദ്യോഗാർഥിക്ക് അപകടങ്ങളോ പരിക്കുകളോ സംഭവിച്ചാൽ, അവര്‍ക്ക് പരീക്ഷയിൽ പങ്കെടുക്കാൻ കൂടുതൽ അവസരം നൽകുന്നതല്ല.

ശാരീരിക അളവെടുപ്പിനും ശാരീരിക കാര്യക്ഷമതാ പരിശോധനയ്ക്കുമുള്ള താത്‌ക്കാലിക ഷെഡ്യൂൾ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

യോഗ്യത കൂടുക ഇവര്‍ക്കെല്ലാം: എൻ‌സി‌സിയുടെ 'എ', 'ബി', 'സി' സർട്ടിഫിക്കറ്റ് ഉള്ള ഉദ്യോഗാർഥികൾക്ക് യഥാക്രമം 2%, 3%, 5% എന്നിങ്ങനെ വെയിറ്റേജ് മാർക്ക് നൽകും. കൂടുതല്‍ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ചവരാണെങ്കില്‍ അതിന് അനുസരിച്ച് കൂടുതല്‍ മാര്‍ക്ക് നല്‍കും. എസ്‌പിസി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും കൂടുതല്‍ വെയിറ്റേജ് ലഭിക്കും.

പരിശീലനം: ടെസ്റ്റിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് 9 മാസത്തേക്ക് പ്രീ-സര്‍വീസ് പരിശീലനം ഉണ്ടാകും. സംസ്ഥാന പൊലീസ് മേധാവിയുടെ തീരുമാന പ്രകാരം സായുധ പൊലീസ് ബറ്റാലിയനുകൾ, പൊലീസ് പരിശീലന കോളജ്/ കേരള പൊലീസ് അക്കാദമി എന്നിവിടങ്ങളിലായിരിക്കും പരിശീലനം.

അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇങ്ങനെ: പിഎസ്‌സിക്കായി ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യാത്തവരാണെങ്കില്‍ കേരള പബ്ലിക് സർവീസ് കമ്മിഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.inൽ 'വണ്‍ ടൈം രജിസ്ട്രേഷന്‍' രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്‌ത ഉദ്യോഗാർഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്‌ത് അപേക്ഷിക്കാം.

അതിനായി 'Apply now' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് പുതിയ പ്രൊഫൈല്‍ തയ്യാറാക്കി ആറ് മാസത്തിനുള്ളില്‍ എടുത്ത പാസ്‌പോര്‍ട്ട് സൗസ് ഫോട്ടോ അപ്‌ലോഡ് ചെയ്യണം. ഉദ്യോഗാര്‍ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും ഫോട്ടോയ്‌ക്ക് താഴെ മെന്‍ഷന്‍ ചെയ്യണം. തസ്‌തികയിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേക ഫീസിന്‍റെ ആവശ്യമില്ല. വിവരങ്ങളെല്ലാം പൂരിപ്പിച്ചതിന് ശേഷം നല്‍കിയ വിവരങ്ങള്‍ പൂര്‍ണമായും പരിശോധിക്കണം. നല്‍കിയ വിവരങ്ങള്‍ തെറ്റാണെങ്കില്‍ പിന്നീട് മാറ്റല്‍ സാധ്യമല്ല.

അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം അപേക്ഷയുടെ ഒരു പ്രിന്‍റ്‌ ഔട്ട് കോപ്പിയും ഉദ്യോഗാര്‍ഥികള്‍ കൈയില്‍ കരുതണം. ഉദ്യോഗാർഥികൾക്ക് അവരുടെ പ്രൊഫൈലിലെ 'My Applications' ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്‌താല്‍ അപേക്ഷയുടെ പ്രിന്‍റ്‌ ഔട്ട് എടുക്കാവുന്നതാണ്.