ഓപ്പറേഷൻ തൂഫാൻ : സുപ്രധാന കണ്ണികളെ വിദേശത്ത് കണ്ടെത്തിയെന്ന് പൊലീസ് മേധാവി

ഓപ്പറേഷൻ തൂഫാൻ : സുപ്രധാന കണ്ണികളെ വിദേശത്ത് കണ്ടെത്തിയെന്ന് പൊലീസ് മേധാവി

തിരുവനന്തപുരം:  വിദേശ രാജ്യങ്ങളിലിരുന്ന് കേരളത്തില്‍ മയക്കുമരുന്ന് എത്തിക്കുന്നതിനു ചുക്കാന്‍ പിടിക്കുന്ന ചില വ്യക്തികളെയും അവരുടെ ഒളിത്താവളങ്ങളും കേരള പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍. പ്രധാനമായും ഇത്തരത്തിലുള്ള മൂന്നു മലയാളികളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. തെക്കു കിഴക്കന്‍ ഏഷ്യയിലെ തായ്‌ലാന്‍ഡ്, കമ്പോഡിയ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കുന്ന ഒരു മലയാളിയെയും അദ്ദേഹത്തിൻ്റെ താവളവും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുപോലെ രണ്ടു ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരത്തിനു നേതൃത്വം നല്‍കുന്ന രണ്ടു മലയാളികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടി നാട്ടിലെത്തിച്ച് നിയമ നടപടിക്കു വിധേയനാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും റാവാഡ മാധ്യമങ്ങളെ അറിയിച്ചു.

  മയക്കു മരുന്നിൻ്റെ   വിതരണവും ഉത്പാദനവും വില്‍പ്പനയും തടയുന്നതിനുള്ള സംയുക്ത നീക്കത്തിൻ്റെ ഭാഗമായി  ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരുടെ യോഗം വിളിക്കാൻ സംസ്ഥാന പൊലീസ് തയാറെടുക്കുന്നുണ്ടെന്നും റാവാഡ ചന്ദ്രശേഖര്‍ പറഞ്ഞു .

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ്റെ ഭാഗമായി ഇന്നും സംസ്ഥാന വ്യാപകമായി മയക്കുമരുന്ന് വേട്ട പുരോഗമിക്കുകയാണ്. സംസ്ഥാന പൊലീസ് പുറത്തു വിട്ട കണക്കു പ്രകാരം 779 കേസുകള്‍ ഇന്ന് രജിസ്റ്റര്‍ ചെയ്തു. പരിശേധനകളില്‍ 332.21 ഗ്രാം എംഡിഎംഎയും 8.53 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കൂടാതെ ഇടത്തരം അളവിലുള്ള ലഹരിയുമായിബന്ധപ്പെട്ട 12 കേസുകളും വാണിജ്യ അളവിലുള്ള ലഹരിയുമായി ബന്ധപ്പെട്ട രണ്ട് പുകയില കേസുകളും കണ്ടെത്തി. പുകയില നിയന്ത്രണ നിയമപ്രകാരം 479 കേസുകളും രജിസ്റ്റര്‍ ചെയ്തു. ലഹരിക്കെതിരായ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ജൂണ്‍ 25,26 തീയതികളിലായി 3,986 ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചതായി ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസ് അറിയിച്ചു.