പയ്യന്നൂർ സ്വദേശിയായ വ്യവസായിയെ തട്ടിക്കൊണ്ടുപോയി വൻ കവർച്ച; 20 ലക്ഷത്തിൻ്റെ സ്വർണ്ണവും വജ്രങ്ങളും കവർന്നു

ബംഗളൂരു: മലയാളി വ്യവസായിയെയും കുടുംബത്തെയും ആയുധധാരികളായ സംഘം കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി വൻ കവർച്ച നടത്തി . കണ്ണൂർ പയ്യന്നൂർ സ്വദേശിയായ പ്രമുഖ വ്യവസായി വികാസ്, അദ്ദേഹത്തിന്റെ കുടുംബം എന്നിവരാണ് അതിക്രൂരമായ കവർച്ചയ്ക്കിരയായത്. ഇവരിൽ നിന്ന് ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും, വജ്രശേഖരവും, വിലപിടിപ്പുള്ള മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും കവർന്നതായാണ് പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്.
ഇന്ന് പുലർച്ചെ മംഗളൂരുവിലെ സൂറത്കല്ലിന് സമീപമാണ് സിനിമാ സ്റ്റൈൽ കവർച്ച അരങ്ങേറിയത്. മഹാരാഷ്ട്രയിൽ നടന്ന അടുത്ത ബന്ധുവിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സ്വന്തം കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു വികാസും കുടുംബവും. ഇവർ സഞ്ചരിച്ച വാഹനം സൂറത്കൽ ദേശീയപാതയിൽ എത്തിയപ്പോൾ മൂന്ന് കാറുകളിലായെത്തിയ അക്രമിസംഘം വട്ടംവെച്ച് തടയുകയായിരുന്നു. തുടർന്ന് വികാസിൻ്റെ ഭാര്യയെയും പിഞ്ചുകുട്ടിയെയും തോക്കുചൂണ്ടി വഴിയിൽ ഇറക്കിവിട്ട ശേഷം, വികാസിനെ സ്വന്തം കാറിലിട്ട് തട്ടിക്കൊണ്ടുപോവുകയായിരുന്നു.
തട്ടിക്കൊണ്ടുപോയ വികാസിനെ നഗരത്തിന് പുറത്തുള്ള ആളൊഴിഞ്ഞ കശുവണ്ടി തോട്ടത്തിൽ എത്തിച്ച് അക്രമിസംഘം ക്രൂരമായി മർദ്ദിച്ചു. തുടർന്ന് ധരിച്ചിരുന്നതും ബാഗുകളിൽ സൂക്ഷിച്ചിരുന്നതുമായ 20 ലക്ഷത്തോളം രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവരുകയായിരുന്നു. പണം എവിടെയെന്ന് ചോദിച്ചായിരുന്നു മർദ്ദനം. കവർച്ചയ്ക്ക് ശേഷം വികാസിനെ വഴിയിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പനമ്പൂർ പോലീസ് സ്റ്റേഷനിലെത്തിയാണ് വികാസ് പരാതി നൽകിയത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ദേശീയപാതയിലെയും ടോൾ പ്ലാസകളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് അടിയന്തരമായി ശേഖരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്. വ്യവസായിയുടെ യാത്രാവിവരങ്ങൾ കൃത്യമായി അറിയാവുന്ന ആരെങ്കിലുമാണോ ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കവർച്ചയ്ക്ക് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പനമ്പൂർ പോലീസിൻ്റെ പ്രാഥമിക നിഗമനം. പ്രതികൾക്കായി കേരള അതിർത്തികളിലും കർണാടക പോലീസ് നിരീക്ഷണം ശക്തമാക്കി.