"സ്വർണക്കൊള്ള അന്വേഷണത്തിൽ സർക്കാർ ഇടപെടലില്ല" : മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി). കേസിൽ ലഭിച്ച പരാതികൾ പോലും അന്വേഷണ സംഘത്തിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
“അയ്യപ്പൻ്റെ സ്വർണം അപഹരിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കും. ആരായാലും വിട്ടുവീഴ്ചയില്ല,” മുൻകാല ദേവസ്വം ബോർഡ് ഭരണസമിതികളിൽ പലതും അന്വേഷണത്തിന്റെ പരിധിയിലാണെന്നും വ്യക്തിഗത തെറ്റുകൾക്ക് സർക്കാരിനെയോ മുഖ്യമന്ത്രിയെയോ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
എസ്ഐടി സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 2025-ൽ പുറത്തുവന്ന സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉൾപ്പെടെ ഏഴ് പേരുടെ പങ്കാളിത്തം സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.കേസിൽ മുരാരി ബാബുവിനെ ഒന്നാം പ്രതിയായും ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടാം പ്രതിയായും ഉൾപ്പെടുത്തിയിട്ടുണ്ട്. പങ്കജ് ഭണ്ഡാരി, അഡ്വ. എ. അജികുമാർ, തന്ത്രി കണ്ടരര് രാജീവര്, രജിലാൽ എന്നിവരാണ് മറ്റ് പ്രതികൾ. അർബുദ രോഗ ബാധിതനായിരുന്ന ഒന്നാം പ്രതി മുരാരിബാബു കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മരണപ്പെട്ടു.
2019-ൽ നടന്നതായി പറയപ്പെടുന്ന സ്വർണമോഷണം മറച്ചുവയ്ക്കുന്നതിനായാണ് 2023-ൽ ദ്വാരപാലക വിഗ്രഹങ്ങൾക്ക് വീണ്ടും സ്വർണം പൂശുന്ന പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ. ഇതിനായി സ്പോൺസർ, കരാറുകാരൻ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയതായി എസ്ഐടി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.അതേസമയം, ഉദ്യോഗസ്ഥർ ഉൾപ്പെടെ മറ്റ് എട്ട് പേരുടെ പങ്കിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കേസ് വേഗത്തിൽ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. വിഷയത്തിൽ തുടർനടപടികൾക്കായി കേസ് ഈ മാസം 20-ന് വീണ്ടും പരിഗണിക്കും