തലശ്ശേരിയെ പ്രത്യേക ജില്ലയാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

തിരുവനന്തപുരം: തലശ്ശേരിയെ പ്രത്യേക ജില്ലയായി പ്രഖ്യാപിക്കണമെന്നും ഹെറിറ്റേജ് സിറ്റിയായി ഉയർത്തി സമഗ്ര വികസന പാക്കേജ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ കെ.പി.അബ്ദുൽ ഗഫൂർ (മഹാ ഗഫൂർ)മുഖ്യമന്ത്രി വി.ഡി.സതീശനെ സെക്രട്ടേറിയറ്റിൽ നേരിൽകണ്ട് നിവേദനം സമർപ്പിച്ചു.

നിവേദനത്തിൻ്റെ പകർപ്പ് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, റവന്യൂ മന്ത്രി കെ. അനിൽ കുമാർ, വിദ്യാഭ്യാസ മന്ത്രി അഡ്വ. ശംസുദ്ദീൻ, പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീർ, ഫിഷറീസ് മന്ത്രി എ. ഇ. അബ്ദുൽ ഗഫൂർ, കെ.പി.സി.സി. ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ എന്നിവർക്കും കൈമാറി.
തലശ്ശേരിയെ പ്രത്യേക ജില്ലയായും ഹെറിറ്റേജ് സിറ്റിയായും പ്രഖ്യാപിക്കുക, മുനിസിപ്പാലിറ്റിയെ കോർപ്പറേഷനാക്കി ഉയർത്തുക, ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജാക്കുക, ഫിഷറീസ് ജെട്ടിയും ഫിഷ് മാർക്കറ്റും നവീകരിക്കുക, ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങൾ സംരക്ഷിച്ച് ടൂറിസം വികസനം നടപ്പാക്കുക, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടുതൽ സർവീസുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.നിവേദനം സമർപ്പിക്കുന്നതിനിടെ സി. കെ. പി. റയീസ്, കാദർ മമ്മൂ,ബഷീർ പാനൂർ എന്നിവർ സന്നിഹിതരായിരുന്നു.നിവേദനം സ്വാഗതം ചെയ്ത മുഖ്യമന്ത്രി വിഷയം ഗൗരവമായി പരിഗണിക്കുമെന്നും ഇതിനായി ഒരു കമ്മീഷൻ രൂപീകരിക്കുന്ന കാര്യം പരിശോധിക്കുമെന്നും അറിയിച്ചതായി കെ.പി.അബ്ദുൽ ഗഫൂർ 'വേൾഡ് മലയാളം ന്യൂ സി'നോട് പറഞ്ഞു .
മുംബൈയിലും കേരളത്തിലുമായി സാമൂഹ്യസേവന രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന കെ.പി.അബ്ദുൽ ഗഫൂർ, എ.ഐ.കെ.എം.സി.സി(All India Kerala Muslim Cultural Cente) മഹാരാഷ്ട്ര ഘടകത്തിൻ്റെ ജനറൽ സെക്രട്ടറിയുമാണ്.