“പിണറായിയുടേത് ആർ.എസ്.എസ് ചിത്രത്തിന് മുന്നിൽ കുമ്പിട്ട പാരമ്പര്യമല്ല”: പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെ ചൊല്ലിയുള്ള തർക്കത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനെതിരെയും പ്രതിപക്ഷത്തിനെതിരെയും കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസ് രംഗത്ത്. ആർ.എസ്.എസ് നേതാക്കളുടെ ചിത്രത്തിന് മുന്നിൽ കുമ്പിട്ട് നിന്ന് നിലവിളക്ക് കൊളുത്തിയ രാഷ്ട്രീയ പാരമ്പര്യമല്ല സഖാവ് പിണറായി വിജയൻ്റെ തെന്നും, അദ്ദേഹത്തെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് യോഗ്യതയില്ലെന്നും മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഇടതുപക്ഷം മാത്രമല്ല, കെ.എസ്.യു പോലും വലിയ രീതിയിൽ വിമർശനം ഉയർത്തിയിട്ടുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുഖ്യമന്ത്രി എല്ലാവരുടെയും മുഖ്യമന്ത്രിയായിരിക്കണമെന്നാണ് ജനാധിപത്യ മര്യാദ. എന്നാൽ നിലവിൽ സംഘപരിവാർ നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസ് കയറി നിരങ്ങുന്ന സാഹചര്യമാണ് ഉള്ളതെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. അവർ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ഭരണതലത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സർക്കാർ ജനങ്ങൾ ഉന്നയിക്കുന്ന യഥാർത്ഥ പ്രശ്നങ്ങൾക്കൊന്നുമല്ല മറുപടി നൽകുന്നത്. ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും, മുഖ്യമന്ത്രി അവർക്കുവേണ്ടി അസംബന്ധങ്ങൾ വിളിച്ചുപറയുകയാണെന്നും റിയാസ് പ്രതികരിച്ചു. നേരത്തെ, താൻ ഹിന്ദു ഐക്യവേദി നേതാക്കളെ രഹസ്യമായല്ല താൻകണ്ടതെന്നും ഔദ്യോഗികമായാണ് സന്ദർശിച്ചതെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു
https://www.worldm.news/keralam/i-am-everyones-chief--33537