"പാലക്കാട് ജില്ലാ സെക്രട്ടറിയുടെ കസേരയിലിരിക്കുന്നത് സ്പിരിറ്റ് കച്ചവടക്കാരൻ " : വിമത കൺവെൻഷനിൽ വിമർശനവുമായി പി.കെ.ശശി

"പാലക്കാട് ജില്ലാ സെക്രട്ടറിയുടെ കസേരയിലിരിക്കുന്നത് സ്പിരിറ്റ് കച്ചവടക്കാരൻ " : വിമത കൺവെൻഷനിൽ  വിമർശനവുമായി പി.കെ.ശശി

പാലക്കാട്:  ഇപ്പോൾ  പാലക്കാട് ജില്ലാ സെക്രട്ടറിയുടെ കസേരയിലിരിക്കുന്നത് സ്പിരിറ്റ് കച്ചവടക്കാരനെന്ന് മുൻ എം എൽ എയും സിപിഎം നേതാവുമായ പി കെ ശശി.  ആയിരത്തിലേറെ പേർ പങ്കെടുത്ത സിപിഎം വിമത കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സിപിഐഎം വിമത കണ്‍വെന്‍ഷനില്‍ പി കെ ശശി പങ്കെടുക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍ '. എന്നാല്‍ ഇത് വിമത കണ്‍വെന്‍ഷന്‍ അല്ലെന്നും അസംതൃപ്തരുടെ യോഗമാണെന്നും ശശി പറഞ്ഞു.

"ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കണ്‍വെന്‍ഷനാണിത്. നിര്‍ബന്ധിത സാഹചര്യം കൊണ്ടാണ് കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തത്. അഴിമതിക്കും അനീതിക്കുമെതിരെ പാര്‍ട്ടികകത്ത് ശബ്ദമുയര്‍ത്തിയവരാണ് ഇവിടെയുള്ളവര്‍. അതിന്റെ പേരില്‍ പാര്‍ട്ടി നടപടി നേരിട്ടവരുടെ രോഷപ്രകടനമാണ് ഈ കണ്‍വെന്‍ഷൻ"പി കെ ശശി പറഞ്ഞു. പാലക്കാട്ടെ പാര്‍ട്ടി നേതാക്കളുടെ തോന്നിവാസം നീതീകരിക്കാനാവാത്തതാണെന്നും  ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ പി കെ ശശി രൂക്ഷ വിമര്‍ശനം ഉയർത്തികൊണ്ട് അദ്ദേഹം പറഞ്ഞു.. പല മഹാന്മാരും ജനകീയ നേതാക്കളും ഇരുന്ന കസേരയിലാണ് സ്പിരിറ്റ് കച്ചവടക്കാരന്‍ കയറിയിരിക്കുന്നത് . തങ്ങള്‍ അതിനെ ചോദ്യം ചെയ്തു. അതിന് തങ്ങളെ ക്രൂരമായി വേട്ടയാടി. വര്‍ഷങ്ങളോളം തങ്ങള്‍ കാത്തിരുന്നു. ഇനിയും സഹിക്കാന്‍ വയ്യാത്ത, ഉശിരുള്ളവരാണ് കണ്‍വെന്‍ഷന്‍ കൂടുന്നത്. അനീതിയെ തുടച്ചുനീക്കാനാണ് ഈ പ്രതിഷേധമെന്നും പി കെ ശശി പറഞ്ഞു.

ജില്ലാ സെക്രട്ടറി സഖാക്കളെ തമ്മില്‍ തല്ലിക്കുകയാണ്‌ ,അയാൾകാരണം പലരും പാര്‍ട്ടി വിരോധികളായി മാറി. മറ്റ് പാര്‍ട്ടികളിലേക്ക് പോയി. ഏഴ് സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ട്. സ്പിരിറ്റ് കച്ചവടക്കാരനെ വേണ്ടെന്ന് പറഞ്ഞ്  സംസ്ഥാന നേതൃത്വം തിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരും. ചെങ്കൊടി പിടിക്കും. സുരേഷ് ബാബുവിന്റെ ജാതകം വായിക്കാന്‍ നില്‍ക്കുന്നില്ല. വായിച്ചാല്‍ പലരും തലകറങ്ങി വീഴും. കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കും എന്ന് അറിഞ്ഞപ്പോള്‍ ജില്ലാ സെക്രട്ടറി പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ കയറി ഇറങ്ങി. ഇത് നല്ലതാണോ?. കാട്ടുപോത്തിന്റെ കൊമ്പും കാണ്ടാമൃഗത്തിന്റെ തൊലിലുമാണ് ജില്ലാ സെക്രട്ടറിക്ക്. സുരേഷ് ബാബുവിന് ഒരു വിവരവുമില്ല. പലസ്തീന്‍ യൂറോപ്പിലാണെന്ന് പ്രസംഗിച്ച് നടക്കുകയാണ്. സെക്രട്ടറിക്ക് പത്രവായനയില്ല. അക്ഷരം അലര്‍ജിയാണ്. സുരേഷ് ബാബുവിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് തന്റെ തെറ്റാണ്. ആ തെറ്റ് താന്‍ ഏറ്റ് പറയുന്നുവെന്നും പി കെ ശശി പറഞ്ഞു. ശശി വിരോധികളെ പാര്‍ട്ടി കമ്മിറ്റികളില്‍ തിരുകി കയറ്റുകയാണ്. ഈ കണ്‍വെന്‍ഷന്‍ പൊളിക്കാന്‍ പല ശ്രമവും നടത്തിയെന്നും ശശി ആരോപിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എം ശശിക്കെതിരെയും പി കെ ശശി രംഗത്തെത്തി. നീലച്ചിത്രം ജില്ലകള്‍ മറികടന്നപ്പോള്‍ ടി എം ശശിയെ, ജില്ലാ സെക്രട്ടറി ജില്ലാ ഭരണാധികാരിയാക്കി. ഡിവൈഎഫ്ഐ യൂത്ത് സെന്ററില്‍ വച്ച് പ്രവര്‍ത്തകന് സെക്രട്ടറി കഞ്ചാവ് കൊടുത്തു. കള്ള് കൊടുത്തത് ഡിവൈഎഫ്‌ഐ പ്രസിഡന്റാണ്. ഇത്തരത്തിലാണ് പാലക്കാട്ടെ പ്രസ്ഥാനം മുന്നോട്ട് പോകുന്നതെന്നും ശശി കുറ്റപ്പെടുത്തി. എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്‌ക്കെതിരെയും പി കെ ശശി വിമര്‍ശനം ഉന്നയിച്ചു. ഭീഷണി ഇങ്ങോട്ട് എടുക്കരുതെന്ന് ശശി പറഞ്ഞു. 'കാണിച്ച് തരാമെന്ന ഭീഷണി ഇങ്ങോട്ട് വേണ്ട'. എറണാകുളത്ത് നിന്ന് വന്ന ഇയാള്‍ക്ക് ചാരാതെ നില്‍ക്കാനാകില്ല. ഇങ്ങോട്ട് ഭീഷണി വേണ്ടെന്നും ശശി പറഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെയും പി കെ ശശി രംഗത്തെത്തി. കോടിയേരി മരിച്ചതോടെ പാര്‍ട്ടിയില്‍ വന്‍ ശ്യൂന്യതയാണെന്ന് ശശി പറഞ്ഞു. കോടിയേരി പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് മനുഷ്യരെ ചേര്‍ത്ത് പിടിച്ചിരുന്നു. പക്ഷേ നമുക്ക് ഭാഗ്യമില്ലാതെയായി പോയി. കോടിയേരി ജീവിച്ചിരുന്നുങ്കില്‍ ഈ ഗതി സിപിഐഎം പാര്‍ട്ടിക്കുണ്ടാവുമായിരുന്നില്ല. എന്തുകൊണ്ട് ഓര്‍മപ്പെടുത്തുന്നു എന്നത് ഓര്‍ക്കണമെന്നും പി കെ ശശി കൂട്ടിച്ചേർത്തു.