വൈദ്യുതി പ്രതിസന്ധി: 200 മെഗാവാട്ട് വാങ്ങാൻ KSEBക്ക് റെഗുലേറ്ററി കമ്മീഷൻ്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി 200 മെഗാവാട്ട് വൈദ്യുതി അടിയന്തരമായി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതി. ബോർഡ് സമർപ്പിച്ച ഹ്രസ്വകാല കരാറിനാണ് കമ്മീഷൻ അനുമതി നൽകിയത്.കെ.എസ്.ഇ.ബിയുടെ ടെൻഡറിൽ പങ്കെടുത്ത രണ്ട് കമ്പനികളിൽ നിന്നായി യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് ഒരു വർഷത്തേക്ക് വൈദ്യുതി വാങ്ങുന്നത്. പൊതുമേഖലാ സ്ഥാപനമായ എൻ.ടി.പി.സി, സ്വകാര്യ ഗ്രൂപ്പായ അദാനി പവർ എന്നിവരിൽ നിന്ന് 100 മെഗാവാട്ട് വീതം വൈദ്യുതിയാണ് ലഭ്യമാകുക.അടിയന്തരമായി വൈദ്യുതി എത്തിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് പീക്ക് സമയങ്ങളിലെ അമിത ഉപയോഗം മൂലം വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ വ്യക്തമാക്കി. പ്രതിസന്ധി രൂക്ഷമായതോടെ ഇടുക്കി മൂലമറ്റം നിലയത്തിൽ ഉൽപ്പാദനം കുത്തനെ കൂട്ടിയിട്ടുണ്ട്.