‘ഉമ്മൻ ചാണ്ടി ഇരുന്ന അതേ കസരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത്’
തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ അന്തരിച്ച ജനനായകന് ആദരാഞ്ജലികൾ അർപ്പിച്ചു. ആൾക്കൂട്ടത്തെ എപ്പോഴും നെഞ്ചേറ്റിയ ഉമ്മൻ ചാണ്ടി സാർ വിടവാങ്ങിയപ്പോൾ, ജനലക്ഷങ്ങളുടെ സങ്കടക്കടലിനൊപ്പം താനും സഹപ്രവർത്തകരും ആ അവസാന യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചതായി വി.ഡി. സതീശൻ സ്മരിച്ചു.ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഏത് പ്രതിസന്ധി ഘട്ടത്തിലും ഒരു ഫോൺ കോളിലോ നിവേദനത്തിലൂടെയോ ബന്ധപ്പെടാൻ ഉമ്മൻ ചാണ്ടി ഉണ്ടെന്നത് ഒരു വലിയ അഭിമാനമായിരുന്നു. ഉമ്മൻ ചാണ്ടിയാകാൻ ആർക്കും സാധിക്കില്ലെങ്കിലും, സാധാരണക്കാരെ ചേർത്തുപിടിക്കുകയെന്നതാണ് ഓരോ പൊതുപ്രവർത്തകന്റെയും ചുമതലയെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചു.അദ്ദേഹം ഇരുന്ന അതേ കസേരയിൽ ഇരിക്കുമ്പോൾ ഉമ്മൻ ചാണ്ടിയെപ്പോലെ ആകാനാണ് താൻ ശ്രമിക്കുന്നതെന്നും, അവസാന ആശ്രയമായി എത്തുന്നവർക്ക് മുന്നിൽ അവരുടെ ഉമ്മൻ ചാണ്ടിയാകുകയെന്നത് കാലത്തിന്റെ ആവശ്യമാണെന്നും വി.ഡി. സതീശൻ അനുസ്മരണ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.