ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദo : വി. കുഞ്ഞികൃഷ്ണനെ സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

ധനരാജ് രക്തസാക്ഷി ഫണ്ട്  വിവാദo :  വി. കുഞ്ഞികൃഷ്ണനെ സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

കണ്ണൂർ: പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തിൽ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ച പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ വി. കുഞ്ഞികൃഷ്ണനെ സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് നടപടി മാധ്യമങ്ങളെ അറിയിച്ചത്.

ജില്ലാ സെക്രട്ടേറിയറ്റിന്‍റെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിച്ചതോടെയാണ് നടപടി ഔദ്യോഗികമായത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജനാണ് ജില്ലാ കമ്മിറ്റിയിൽ നടപടി റിപ്പോർട്ട് ചെയ്തത്. ഇതുസംബന്ധിച്ച തീരുമാനം പയ്യന്നൂരിലെ പാർട്ടി അംഗങ്ങളെ നേരിട്ട് അറിയിക്കുന്നതിനായി നാളെ  പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. തുടർന്ന് പയ്യന്നൂരിൽ ലോക്കൽ, ജനറൽ ബോഡി യോഗങ്ങൾ ചേരാനും പാർട്ടി തീരുമാനിച്ചു.വി. കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലിക്കൈ ആയി മാറിയെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. പാർട്ടിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും വിവരങ്ങൾ ചോർത്തുകയും ചെയ്തതോടെ കുഞ്ഞികൃഷ്ണൻ ഒരു കമ്മ്യൂണിസ്റ്റല്ലാതായി മാറിയെന്നും അദ്ദേഹത്തെ പുറത്താക്കിയ നടപടി വിശദീകരിച്ച് രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം പാർട്ടിയെയും സഹപ്രവർത്തകരെയും പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവരെ ഒരു രീതിയിലും വച്ചുപൊറുപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ് പാർട്ടി നേതൃത്വം. പാര്‍ട്ടിയുടെ ഫണ്ട് ശേഖരണത്തിന്‍റെ കണക്കുകള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും രാഗേഷ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനനെ വ്യക്തിപരമായ ആക്രമിക്കാനാണ് കുഞ്ഞികൃഷ്ണന്‍ ശ്രമിച്ചത്.

പയ്യന്നൂർ ഫണ്ട് തിരിമറി വിവാദത്തിൽ എം.എൽ.എ ടി.ഐ. മധുസൂദനനെതിരെ വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് രാഗേഷ് ആവർത്തിച്ചു. പാർട്ടിക്കുള്ളിൽ തന്നെ ഇക്കാര്യത്തിൽ അന്വേഷണം നടത്തി ക്രമക്കേടുകൾ നടന്നിട്ടില്ലെന്ന് ബോധ്യപ്പെട്ടതാണ്. എന്നിട്ടും ബോധപൂർവ്വം പാർട്ടിയെ പ്രതിരോധത്തിലാക്കാൻ കുഞ്ഞികൃഷ്ണൻ ശ്രമിച്ചത് ഗൗരവകരമായ അച്ചടക്കലംഘനമാണ്. പാർട്ടി വിരുദ്ധ ശക്തികളുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങിയാണ് കുഞ്ഞികൃഷ്ണൻ പ്രവർത്തിക്കുന്നതെന്നും രാഷ്ട്രീയ ശത്രുക്കൾക്ക് ആയുധം നൽകുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും രാഗേഷ് കുറ്റപ്പെടുത്തി.

വി. കുഞ്ഞികൃഷ്ണനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ ജില്ലാ സെക്രട്ടേറിയറ്റിന്‍റെ തീരുമാനം ജില്ലാ കമ്മിറ്റി ഐകകണ്ഠേന അംഗീകരിക്കുകയായിരുന്നു. പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ടിലും തെരഞ്ഞെടുപ്പ് ഫണ്ടിലും ലക്ഷങ്ങളുടെ തിരിമറി നടന്നുവെന്ന വെളിപ്പെടുത്തൽ പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് രാഗേഷ് പറഞ്ഞു. ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകന് ചേരാത്ത വിധത്തിൽ പാർട്ടി രഹസ്യങ്ങൾ പുറത്തുവിടുകയും ശത്രുപക്ഷത്തെ സഹായിക്കുകയും ചെയ്യുന്ന ഒരാൾക്ക് സംഘടനയിൽ സ്ഥാനമില്ല. നടപടി പയ്യന്നൂരിലെ പാർട്ടി അംഗങ്ങളുടെ യോഗത്തിൽ റിപ്പോർട്ട് ചെയ്യുമെന്നും തുടർന്ന് താഴെത്തട്ടിലുള്ള കമ്മിറ്റികളിലും വിശദീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ദുരുപയോഗം ചെയ്തിട്ടില്ലെന്നും അത്തരത്തിലുള്ള ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്നും കെ.കെ. രാഗേഷ് വ്യക്തമാക്കി. എം.എൽ.എയുടെ ഓഫീസിലേക്ക് കുഞ്ഞികൃഷ്ണൻ അനുകൂലികൾ നടത്തിയ മാർച്ചിനെ രാഷ്ട്രീയ മര്യാദയില്ലാത്ത നടപടിയായാണ് പാർട്ടി കാണുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള നീക്കങ്ങളെ ശക്തമായി നേരിടുമെന്നും ജില്ലാ സെക്രട്ടറി മുന്നറിയിപ്പ് നൽകി. കുഞ്ഞികൃഷ്ണൻ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് അകന്നുപോയെന്നും അതുകൊണ്ടാണ് ഇത്തരം പാർട്ടി വിരുദ്ധ നീക്കങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധനരാജ് രക്തസാക്ഷി ഫണ്ടിലും 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ടിലും ലക്ഷങ്ങളുടെ തിരിമറി നടന്നുവെന്നായിരുന്നു വി. കുഞ്ഞികൃഷ്ണന്‍റെ പ്രധാന വെളിപ്പെടുത്തൽ. പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ ഉൾപ്പെടെയുള്ളവർ ചേർന്ന് ഒരു കോടിയോളം രൂപയുടെ പിരിവിൽ 46 ലക്ഷം രൂപ തട്ടിയെടുത്തു എന്നതായിരുന്നു ആരോപണത്തിന്‍റെ സാരം. പാർട്ടിക്ക് കൃത്യമായ തെളിവുകൾ നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെത്തുടർന്നാണ് കുഞ്ഞികൃഷ്ണൻ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ അകത്തുള്ളവർക്കേ കഴിയൂ എന്നും താൻ കമ്മ്യൂണിസ്റ്റുകാരനായി തന്നെ തുടരുമെന്നും കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു. മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ നന്മ ലക്ഷ്യമിട്ടാണ് ഇപ്പോൾ നിലപാട് വ്യക്തമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു