അട്ടപ്പാടി മധുവധം : പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ
എറണാകുളം :അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിച്ച് ഹൈക്കോടതി. ഒന്നാം പ്രതി മേച്ചേരില്‍ ഹുസൈനെ കോടതി വെറുതെ വിട്ടു 12 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇവര്‍ 50,000 രൂപ പിഴയും അടയ്ക്കണം. മധുവിൻറെ അമ്മയ്ക്ക് 30,000 രൂപ നൽകണം. പതിനാറാം പ്രതിക്ക് ഒരു വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. നിലവിൽ ജയിലിൽ കഴിഞ്ഞ സമയം കഴിച്ച് ബാക്കിയുള്ള കാലയളവിലെ ശിക്ഷ അനുഭവിച്ചാൽ മതി. പതിനാറാം പ്രതി ഉടൻ തന്നെ കീഴടങ്ങി ബാക്കിയുള്ള ശിക്ഷാ കാലാവധി അനുഭവിക്കണമെന്നും കോടതി. . 2018 ല്‍ അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റാണ് മധു മരിച്ചത്.
ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതിയെയും 11ാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. മറ്റ് 13 പ്രതികളുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.കുറ്റക്കാരായ 13 പ്രതികള്‍ക്കുമെതിരെ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പ്രതികളുടെ ശിക്ഷാവിധി ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.വിചാരണക്കോടതിക്കെതിരായ പ്രതികളുടെ അപ്പീലില്‍ ഹുസൈന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിക്കുകയും മറ്റ് പ്രതികളുടെ അപ്പീല്‍ തള്ളുകയുമായിരുന്നു. കിളിയില്‍ മരക്കാര്‍, പുതുവാച്ചോല ഷംസുദ്ദീന്‍, താഴുശ്ശേരി രാധാകൃഷ്ണന്‍, പുതുച്ചോല അബൂബക്കര്‍, കുരുക്കല്‍ വീട്ടില്‍ സിദ്ദീഖ്, നജീബ്, ജെയ്ജുമോന്‍, സജീവ്, മുരുക്കട സതീശ്, പെരുവില്‍ വീട്ടില്‍ ബിജു, മുനീര്‍ തുടങ്ങിയ പ്രതികളുടെ അപ്പീലാണ് ഹൈക്കോടതി തള്ളിയത്.കാട്ടില്‍ നിന്ന് പിടിച്ചുകൊണ്ട് വന്ന് മധുവിനെ മുക്കാലി ടൗണില്‍ നിര്‍ത്തിയ സമയത്ത് അവസാന സമയത്ത് ചവിട്ടിയത് ഹുസൈനാണെന്നും ആ ചവിട്ടില്‍ തെറിച്ചുവീണാണ് മധു മരിച്ചതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ആള്‍ക്കൂട്ടത്തിനിടയിലാണ് താന്‍ ഉണ്ടായതെന്നും ഹുസൈന്‍ വാദിക്കുകയായിരുന്നു. ഹുസൈന്‍ ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു.
ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടേയും, ശിക്ഷ വര്‍ധിപ്പിക്കണമെന്ന സര്‍ക്കാരിന്റെയും അപ്പീലുകളാണ് കോടതി പരിഗണിച്ചത്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസിലെ പ്രതികളെല്ലാം കോടതിയില്‍ ഹാജരായിരുന്നു.

