എസ്എഫ്ഐ മുന്‍ നേതാക്കളായ പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരായി

കാസർകോട്: എസ്എഫ്ഐ മുന്‍ നേതാക്കളായ പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ് വിവാഹം നടത്തിയത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ഇരുവരും ഹാരമണിയുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചു. എസ് എഫ് ഐ മുൻ അഖിലേന്ത്യാ പ്രസിഡൻ്റ് വി പി സാനു, എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, എസ് എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ്, എസ് എഫ് ഐ മുൻ സംസ്ഥാന പ്രസിഡൻ്റും കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പറുമായ കെ അനുശ്രീ തുടങ്ങിയവർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.വളരെ ലളിതമായ വേഷത്തോടെയാണ് വധൂവരന്മാർ വിവാഹത്തിനെത്തിയത്. ആര്‍ഷോ വയലറ്റ് നിറത്തിലുള്ള ഷര്‍ട്ടും തൂവെള്ള മുണ്ടും ധരിച്ചെത്തിയപ്പോള്‍ വയലറ്റ് ബ്ലൗസും പച്ച നിറത്തിലുള്ള സാരിയുമായിരുന്നു വിദ്യയുടെ വേഷം. എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയായ പി എം ആർഷോ പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ്. നിലവില്‍ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി, പാലക്കാട് ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ വിദ്യ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാർഥിനിയാണ്. വിവാഹ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ ഇരുവരും പാലക്കാട്ടേക്ക് മടങ്ങി.