"കേൽക്കറുടെ നിയമനം സ്വാഭാവിക നടപടി, ഗുരുവായൂർ ക്ഷേത്ര ദർശനത്തിൽ കൂടെ നാലുപേർ മാത്രം"

"കേൽക്കറുടെ  നിയമനം സ്വാഭാവിക നടപടി,  ഗുരുവായൂർ ക്ഷേത്ര ദർശനത്തിൽ കൂടെ നാലുപേർ മാത്രം"

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ കേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെതിരെയുള്ള വിവാദങ്ങൾ തള്ളി.മുഖ്യമന്ത്രി വി ഡി സതീശൻ. കേൽക്കറുടെ നിയമനം തികച്ചും സ്വാഭാവികമായ ഭരണനടപടി മാത്രമാണെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കി. മുൻപ് ഇത്തരത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന നളിനി നെറ്റോയുടെ നിയമനം കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയുടെ തീരുമാനത്തിന് മന്ത്രിസഭ യോഗത്തിൽ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റങ്ങൾ അടിയന്തര സാഹചര്യത്തിൽ എടുത്ത ഭരണപരമായ തീരുമാനങ്ങൾ മാത്രമാണെന്നും പൂർണ്ണമായ ഉദ്യോഗസ്ഥ നിയമനങ്ങൾ ആയിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

വളരെ നല്ല ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉദ്യോഗസ്ഥനാണ് രത്തന്‍ ഖേല്‍ക്കര്‍. പിണറായി വിജയനു കീഴില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ്. ഇപ്പോള്‍ രത്തന്‍ ഖേല്‍ക്കറിന്റെ നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ വളരെ തമാശയാണ്. ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത് മുമ്പത്തെ പിണറായി വിജയന്‍ സര്‍ക്കാരാണ്. യുഡിഎഫിന് 102 സീറ്റ് കിട്ടാന്‍ വേണ്ടിയാണോ പിണറായി വിജയൻ സര്‍ക്കാര്‍ രത്തന്‍ ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു.രത്തന്‍ ഖേല്‍ക്കറുടെ നിയമനത്തെ ബംഗാളിലെ സിഇഒയെ ചീഫ് സെക്രട്ടറിയുമായി നിയമിച്ചതുമായി ബന്ധപ്പെടുത്തിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. എസ്‌ഐആറിന്റെ പേരില്‍ നിരവധി പേരുകള്‍ വെട്ടിനിരത്തിയതുമായി ബന്ധപ്പെട്ടാണ് ബംഗാളില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്തു വന്നത്. എന്നാല്‍ കേരളത്തില്‍ അത്തരമൊരു പ്രശ്‌നമില്ല. ഒരു പാര്‍ട്ടി പോലും ഖേല്‍ക്കര്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാധ്യമങ്ങൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ക്രിയാത്മകമായ ചർച്ചകൾ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇന്ധനവില 

ഇന്ധന വില വര്‍ധന പഠിച്ചശേഷം എന്തു ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും. പലപ്പോഴായി ഇന്ധന വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എത്രയാണ് കൂടുന്നത് എന്ന് അറിയട്ടെ. അതിനുശേഷം ഇളവു നല്‍കുന്നതില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലക്ടര്‍മാരുടെ നിയമനം സീനിയോറിട്ടി അടിസ്ഥാനമാക്കിയാണ് നടപ്പാക്കിയത്. ഭരണപരമായ തീരുമാനം മാത്രമാണത്. ഉദ്യോഗസ്ഥന്മാരുടെ പുനര്‍നിയമനം പൂര്‍ണമായ തോതില്‍ ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോല്‍ നടത്തിയത് താല്‍ക്കാലിക നടപടിക്രമം മാത്രമാണ്. മന്ത്രിമാരുടെ അഭിപ്രായങ്ങള്‍ അടക്കം ആരായും. പൊതുഭരണവകുപ്പ് എടുക്കേണ്ട തീരുമാനങ്ങള്‍ പൊതുഭരണവകുപ്പ് കൈക്കൊള്ളും. 

ഗുരുവായൂർ സന്ദർശനം 

ഗുരുവായൂർ സന്ദർശനത്തിൽ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല, ഭക്തരോടോപ്പമാണ് ദർശനം നടത്തിയതെന്നും,കൂടെ നാലുപേർ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകി.1000 രൂപയുടെ ടിക്കറ്റെടുത്താണ്  ദർശനം നടത്തിയത് .ഇപ്പോൾ ഉയർന്നുവരുന്നതെല്ലാം തെറ്റായ വാർത്തകൾ ആണെന്നും വിഡി സതീശൻ പറഞ്ഞു .

നയപ്രഖ്യാപനത്തിന് അംഗീകാരം നൽകി

അതേസമയം മന്ത്രിസഭാ യോഗം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ചീഫ് വിപ്പായി അപു ജോൺ ജോസഫിനെയും അഡീഷണൽ അഡ്വക്കേറ്റ് ജനറലായി കെ സി വിൻസെന്റിനെയും നിയമിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.