"ദിലീപിന് നീതി ലഭിച്ചു; പൊലീസിൻ്റേത് കെട്ടിച്ചമച്ച കേസ്"; സർക്കാർ അപ്പീൽ പോകുന്നത് ദ്രോഹിക്കാൻ: അടൂർ പ്രകാശ്

"ദിലീപിന് നീതി ലഭിച്ചു; പൊലീസിൻ്റേത് കെട്ടിച്ചമച്ച കേസ്"; സർക്കാർ അപ്പീൽ പോകുന്നത് ദ്രോഹിക്കാൻ: അടൂർ പ്രകാശ്

പത്തനംതിട്ട : നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് നീതി ലഭിച്ചുവെന്നതാണ് തൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. നടി എന്ന നിലയിൽ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് പറയുമ്പോഴും നീതി എല്ലാവർക്കും ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടൂർ നഗരസഭയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കലാകാരൻ എന്ന നിലയിൽ അല്ലാതെ ദിലീപുമായി തനിക്ക് വ്യക്തിപരമായ ബന്ധമുണ്ട്. കോടതിയാണ് ദിലീപിന് നീതി ലഭ്യമാക്കിയത്. പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. വിധി വന്നപ്പോൾ ഉയർന്ന പല അഭിപ്രായങ്ങൾ കേട്ടപ്പോൾ തനിക്കും അങ്ങനെയാണ് തോന്നിയത്. ഏത് അവസരം ലഭിച്ചാലും ആരെയൊക്കെ ദ്രോഹിക്കാൻ കഴിയുമെന്ന് നോക്കി കാണുന്ന സർക്കാരാണ് ഇവിടെയുള്ളത്. അതിനാലാണ് സർക്കാർ അപ്പീലിന് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. അടൂർ പ്രകാശിൻ്റെ കുടുംബ വീടുൾപ്പെടുന്ന അടൂർ നഗരസഭയിലെ 27-ാം നമ്പർ ബൂത്തിൽ രാവിലെ കുടുംബാംഗങ്ങൾക്കൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് ചെയ്തത്.