സാരി വാങ്ങികൊടുത്തില്ല : മുംബൈയിൽ, ഭർത്താവിനെ പ്രഷർ കുക്കറിൻ്റെ മൂടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റിൽ

 സാരി വാങ്ങികൊടുത്തില്ല   : മുംബൈയിൽ, ഭർത്താവിനെ പ്രഷർ കുക്കറിൻ്റെ  മൂടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റിൽ

മുംബൈ :  ബദ്‌ലാപൂരിൽ സാരി വാങ്ങിത്തരാത്തതുമായുണ്ടായ തർക്കത്തെത്തുടർന്ന് ഭർത്താവിനെ പ്രഷർ കുക്കറിന്റെ മൂടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ . ബിഹാർ റോഹ്താസ് സ്വദേശിനിയായ സുനിതാദേവി ഹരറാം സിംഗ് (30) ആണ് അറസ്റ്റിലായത്. ജൂലൈ 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവ് ഹരറാം കിശുൻജി സിംഗ് (35) സാരി വാങ്ങിനൽകാത്തതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രഷർ കുക്കറിന്റെ മൂടികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം ഇവർ ഭർത്താവിനെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.

സംഭവം നടക്കുമ്പോൾ ഭർത്താവിന്റേത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീർക്കാൻ പ്രതിയായ സ്ത്രീ ശ്രമിച്ചിരുന്നു. തുടർന്ന് പൊലീസിൽ വ്യാജ മൊഴിയും നൽകി. എന്നാൽ സർക്കാർ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. കഴുത്തുഞെരിച്ചതുമൂലമുള്ള ശ്വാസതടസ്സമാണ് മരണകാരണമെന്ന് വ്യക്തമായതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തുകയും ഭാര്യയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജൂലൈ 29 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.