ഡൽഹിയിലെ ഹോട്ടലിൽ വൻ തീപിടുത്തം : 20 മരണം, നിരവധിപേർക്ക് പരിക്ക്

 ഡൽഹിയിലെ ഹോട്ടലിൽ വൻ തീപിടുത്തം : 20 മരണം, നിരവധിപേർക്ക് പരിക്ക്

ന്യുഡൽഹി : തെക്കൻ ഡൽഹിയിലെ മാളവ്യനഗർ പ്രദേശത്തെ 'ലെമൺ ഗ്രീൻ 'റെസ്റ്റോറന്റിൽ ഇന്ന് രാവിലെ  ഉണ്ടായ തീപിടുത്തത്തിൽ  20പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം .  നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീപിടുത്തത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ് .

ദുരന്തത്തിൽ പ്രതികരിച്ച ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ജീവഹാനിയിൽ ദുഃഖം രേഖപ്പെടുത്തുകയും ഡൽഹി സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് പറയുകയും ചെയ്തു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ ഡൽഹി ഫയർ സർവീസസ്, ഡൽഹി പോലീസ്, ഡൽഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ), സിഎടിഎസ് ആംബുലൻസ് സർവീസസ് എന്നിവയിൽ നിന്നുള്ള അടിയന്തര പ്രതികരണ സംഘങ്ങൾ രംഗത്തിറങ്ങിയതായി എക്‌സിലെ ഒരു പോസ്റ്റിൽ ഗുപ്ത പറഞ്ഞു. അവരുടെ ദ്രുത പ്രതികരണം ബാധിത പ്രദേശങ്ങളിൽ നിന്ന് നിരവധി പേരെ രക്ഷപ്പെടുത്താനും ഒഴിപ്പിക്കാനും സഹായിച്ചതായി അവർ പറഞ്ഞു.