നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള പീരങ്കി മോഷണം പോയി.

നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള  പീരങ്കി മോഷണം പോയി.

ശിവപുരി: മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ കച്ചേരി കോംപ്ലക്സിൽ പ്രദർശിപ്പിച്ചിരുന്ന 14 പീരങ്കികളിൽ ഒന്നാണ് നഷ്ടപ്പെട്ടത്.മോഷണത്തിനായി ക്രെയിനും ട്രക്കുമായാണ് സംഘം എത്തിയത്. 16-ാം നൂറ്റാണ്ടിലെ ഈ പീരങ്കിക്ക് വലിയ ചരിത്രപ്രാധാന്യമുണ്ട്. സംഭവം നടത്തുന്നതിന് 12 ദിവസം മുൻപ് തന്നെ കോട്ടയ്ക്ക് സമീപം സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. രാത്രിയിൽ വെളിച്ചം പോലുമില്ലാത്ത അവസ്ഥയിലാണ് കോട്ടയിൽ സുരക്ഷാ ജീവനക്കാർ ജോലി ചെയ്തിരുന്നതെന്ന് കോട്ടയിലെ സെക്യൂരിറ്റി ഗാർഡ് ബൽകിഷൻ പറഞ്ഞു. ആയുധധാരികളായ സംഘം വധഭീഷണി മുഴക്കിയതിനെത്തുടർന്നാണ് അവർക്ക് മോഷണം തടയാൻ കഴിയാതിരുന്നത്.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. പുരാവസ്തുക്കൾ അന്താരാഷ്ട്ര വിപണിയിൽ വലിയ വിലയ്ക്ക് വിൽക്കപ്പെടുന്നതിനാൽ, ഈ മോഷണത്തിന് പിന്നിൽ അന്താരാഷ്ട്ര കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. സംസ്ഥാന പുരാവസ്തു വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ തരുൺ കുമാർ മഹോബിയ സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കുമെന്ന് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.