രാജ്യസഭ സീറ്റ്: കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണയുണ്ടെന്ന വാദം തെറ്റ് : സിപിഎം
ചെന്നൈ: തമിഴ്നാട്ടിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള നാമനിർദ്ദേശവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി നടത്തിയ അവകാശവാദങ്ങൾക്കെതിരെ സിപിഎം. തന്റെ രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിന് സിപിഎമ്മിന്റെ പിന്തുണയുണ്ടെന്ന പ്രവീൺ ചക്രവർത്തിയുടെ പ്രസ്താവന അടിസ്ഥാന രഹിതമെന്ന് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കി. പ്രവീൺ ചക്രവർത്തിയുടെ വാദം തീർത്തും തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സഖ്യകക്ഷികൾക്കിടയിൽ ഇത്തരമൊരു ധാരണയോ ചർച്ചയോ നടന്നിട്ടില്ലെന്ന് പാർട്ടി വ്യക്തമാക്കി.ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ രാജ്യസഭാ സീറ്റുകളിലേക്ക് കോൺഗ്രസ് പ്രതിനിധിയായി പ്രവീൺ ചക്രവർത്തി വരുമെന്നും ഇത് ഡിഎംകെയും ഇടതുപക്ഷ പാർട്ടികളും അംഗീകരിച്ചെന്നുമുള്ള പ്രചാരണങ്ങളാണ് വിവാദത്തിന് കാരണമായത്. സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ ഡിഎംകെയാണ് സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് ഇന്ത്യ മുന്നണിയുടെ ഐക്യത്തെ ബാധിക്കുമെന്നും, സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങൾ പാർട്ടി നേതൃത്വങ്ങൾ തമ്മിലാണ് തീരുമാനിക്കേണ്ടതെന്നും സി പി എം ഓർമ്മിപ്പിച്ചു.