ഇന്ന് ലോക പരിസ്ഥിതിദിനം

മുംബൈ: ഇന്ന് ലോക പരിസ്ഥിതിദിനം ."പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്. കാലാവസ്ഥയ്ക്കായി,നമ്മുടെ ഭാവിക്കായി.""(by Nature. For Climate. For Our Future."എന്ന സന്ദേശമുയർത്തിക്കൊണ്ടാണ് ഈ വർഷത്തെ പരിസ്ഥിതിദിനം ആചരിക്കുന്നത്.
മനുഷ്യ ഇടപെടല്‍ മൂലം പരിസ്ഥിതി മാറ്റങ്ങള്‍ ഉണ്ടായപ്പോള്‍ അതിനോടുള്ള പ്രതികരണമായാണ് ഐക്യരാഷ്‌ട്രസഭ പരിസ്ഥിതി ദിനാചരണം എന്ന ആശയം പ്രചരിപ്പിക്കാൻ തുടങ്ങിയത്. പ്രകൃതിയിലെ കടന്നാക്രമങ്ങളെ നിയന്ത്രിക്കാനും ഇതേക്കുറിച്ച് അവബോധം സൃഷ്‌ടിക്കാനും സംരക്ഷണം പ്രോത്സാഹിപ്പിക്കാനുമാണ് ഇതിലൂടെ ഐക്യരാഷ്‌ട്രസഭ ലക്ഷ്യമിട്ടത്. ഇതിനായുള്ള ആദ്യ ഔപചാരിക ചര്‍ച്ചകള്‍ 1972 ജൂണ്‍ അഞ്ച് മുതല്‍ പതിനാറ് വരെ സ്വീഡനിലെ സ്റ്റോക്ഹോമിലാണ് നടന്നത്. അന്ന് മുതല്‍ ജൂണ്‍ അഞ്ച് എല്ലാവര്‍ഷവും ലോകപരിസ്ഥിതിദിനം ആയി ആചരിച്ച് തുടങ്ങി. "ഒരൊറ്റഭൂമി"(one Earth) എന്ന പ്രമേയവുമായി 1973ല്‍ ആദ്യ ലോകപരിസ്ഥിതി ദിനം ആചരിച്ചു. അന്ന് തൊട്ടിങ്ങോട്ട് ആതിഥേയ രാജ്യങ്ങള്‍ ഒരു പ്രത്യേക പ്രമേയം തെരഞ്ഞെടുക്കാന്‍ തുടങ്ങി.
1978 മുതല്‍ ഓസോണ്‍ പാളി, വന്യമൃഗ സംരക്ഷണം തുടങ്ങിയവയില്‍ ആഗോള പരിസ്ഥിതി പരിശ്രമങ്ങള്‍ ചരിത്രപരമായ നിയമ വിജയങ്ങളും നേടി. ജനകീയ പൊതു ബോധവത്ക്കരണ പ്രചാരണങ്ങള്‍ വലിയ വിജയമായി. എന്നാല്‍ കാലാവസ്ഥ വ്യതിയാനം, പ്ലാസ്റ്റിക് മലിനീകരണം, ഭൗമശോഷണം തുടങ്ങിയവയില്‍ പോരാട്ടങ്ങള്‍ തുടരുന്നു. ഇതിനിടെ മനുഷ്യ സൃഷ്‌ടിയായ യുദ്ധങ്ങളും സായുധപോരാട്ടങ്ങളും സര്‍വനാശിയായ പാരിസ്ഥിതിക ദുരന്തങ്ങളായി. പതിറ്റാണ്ടുകള്‍ നീണ്ട ശ്രമങ്ങളിലൂടെ ഉണ്ടാക്കിയ ആഗോള പരിസ്ഥിതി കരാറുകളെല്ലാം ഇതിലൂടെ ഇല്ലാതായി. ഇവയെല്ലാം കേവലം നിരപരാധികളായ ജനങ്ങളെ അപകടത്തിലാക്കുക മാത്രമായിരുന്നില്ല മറിച്ച് അവയുണ്ടാക്കിയ പാരിസ്ഥിതിക ആഘാതങ്ങള്‍ ആഗോള കാലാവസ്ഥ വീണ്ടെടുപ്പ് ശ്രമങ്ങളെ തുരങ്കം വയ്ക്കുന്നവ കൂടിയായി.
വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ആഗോളതാപനവും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനവും ലോകത്തെ ആശങ്കപ്പെടുത്തുന്നു. പൂജ്യം കാര്‍ബണ്‍ പുറന്തള്ളലാണ് നമ്മുടെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇതില്‍ യാതൊരു കുറവുമുണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല മനുഷ്യ നിര്‍മ്മിത കാര്‍ബണ്‍ പുറന്തള്ളല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി നില്‍ക്കുകയും ചെയ്യുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കേന്ദ്രീകരണം ഉയരുകയാണ്.
ആഗോളതലത്തില്‍, മാനുഷിക ഇടപെടലിലൂടെ 3800 കോടി ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡാണ് പ്രതിവര്‍ഷം പുറന്തള്ളുന്നത്. വനങ്ങളും മണ്ണും സമുദ്രങ്ങളും സ്വാഭാവികമായി ആഗിരണം ചെയ്യുന്നതാകട്ടെ പുറന്തള്ളപ്പെടുന്ന കാര്‍ബണിന്‍റെ കേവലം പകുതി മാത്രമാണ്. ബാക്കിയുള്ളത് അന്തരീക്ഷത്തില്‍ തങ്ങുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്‍റെ സാന്നിധ്യത്തിന്‍റെ ശരാശരി നിരക്ക് 2.4ല്‍ നിന്ന് പ്രതിവര്‍ഷം 2.6 പാര്‍ട്ട്സ് പെര്‍ മില്യണ്‍(പിപിഎം) ആയി ഉയര്‍ന്നിരിക്കുന്നു. ഈ കണക്കുകള്‍ വളരെ ചെറുതായി നമുക്ക് തോന്നാമെങ്കിലും ഇത് സൃഷ്‌ടിക്കുന്ന ആഘാതം വലുതാണ്. ഇത് നാം ഇതിനകം തന്നെ അനുഭവിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
വിനാശകരമാകുന്ന യുദ്ധം
ഇതിനൊപ്പം യുദ്ധത്തില്‍ നിന്നുള്ള സംഭാവനകളുമുണ്ട്. യുക്രൈയിനിലെ റഷ്യന്‍ അധിനിവേശത്തിന്‍റെ ആദ്യ നാല് വര്‍ഷം കൊണ്ട് പുറന്തള്ളപ്പെട്ടത് 3110 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണെന്ന് ഇനിഷ്യേറ്റീവ് ഓണ്‍ ഗ്രീന്‍ ഹൗസ് ഗ്യാസ്(ജിഎച്ച്ജി)യുടെ സമഗ്ര പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഒരൊറ്റ പോരാട്ടം കൊണ്ട് മാത്രം അന്തരീക്ഷത്തിലെത്തിയത് ഫ്രാന്‍സ് പോലുള്ള ഒരു വ്യാവസായിക രാജ്യം പ്രതിവര്‍ഷം പുറന്തള്ളുന്നതിന് സമാനമായ കാര്‍ബണ്‍ഡൈ ഓക്‌സൈഡാണ്. ഇതിലേറെയും യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍ സൈന്യത്തിന്‍റെ സഞ്ചാരം എന്നിവയിലൂടെ പുറന്തള്ളപ്പെടുന്നതാണ്. മൊത്തം പോരാട്ടത്തിലൂടെയുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്‍റെ മുപ്പത്തേഴ് ശതമാനവും ഇത്തരത്തില്‍ പുറത്ത് വരുന്നതാണ്. ഇതിന് പുറമെ വന്‍തോതില്‍ ഭൂവിഭാഗങ്ങളും വനങ്ങളും ഇല്ലാതാകുന്നുമുണ്ട്. യുക്രെയ്‌നില്‍ പോരാട്ടത്തിലൂടെ 23ശതമാനം തണ്ണീര്‍ത്തടങ്ങളും വനങ്ങളുമില്ലാതായി. ഇതിലൂടെ കാര്‍ബണ്‍ ആഗിരണം ചെയ്യുന്ന പരിസ്ഥിതി ഘടന കാര്‍ബണ്‍ പുറത്ത് വിടുന്ന ഇടമായി പരിണമിച്ചു. പുനര്‍നിര്‍മ്മാണം കൂടുതല്‍ കാര്‍ബണ്‍ ഫാക്‌ടറികളായി മാറി.
ഗാസയിലെ പോരാട്ടത്തിന്‍റെ കാര്യമെടുത്താല്‍ നേരിട്ടുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ 13 ലക്ഷം ടണ്ണാണ്. തകര്‍ക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കണമെങ്കില്‍ ആവശ്യമായ കോണ്‍ക്രീറ്റ് ഉരുക്കു നിര്‍മ്മിതികള്‍ മൂലം 310 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളപ്പെടും.ഒരു വശത്ത് നാം കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യത്തിലെത്തിക്കാന്‍ ശ്രമിക്കുന്നു. ഇതിനായി നാം വൈദ്യുതി കാറുകളും സോളാര്‍ പാനലുകളും സ്ഥാപിക്കുന്നു. മറുവസത്താകട്ടെ നാം വലിയ തോതിലുള്ള സൈന്യത്തെ സജ്ജമാക്കുന്നു.നമ്മുടെ നഗരങ്ങളിലെമ്പാടും ബോംബുകള്‍ വര്‍ഷിക്കാന്‍ ആകാശമാകെ ഡ്രോണുകളും യുദ്ധവിമാനങ്ങളും നിറയ്ക്കുന്നു. എന്നിട്ട് നാം ഭൂമിയുടെ രക്ഷകരായി ചമയുന്നു. -ലോകപരിസ്ഥിതി ദിനം ആചരിക്കുന്നു.
ഇതിനിടെയാണ് മറ്റൊരു തിരിച്ചടിയായി അമേരിക്കയുടെ പാരിസ് ഉടമ്പടിയില്‍ നിന്ന് ഏകപക്ഷീയമായ പിന്‍വാങ്ങല്‍. ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയതിലൂടെ ഐക്യരാഷ്‌ട്രസഭ ഹരിത കാലാവസ്ഥ ഫണ്ട് അടക്കമുള്ള വിവിധ ഫണ്ടുകളിലേക്കുള്ള ഇവരുടെ വിഹിതവും നിലച്ചു. ഇതിന് പുറമെ അമേരിക്കന്‍ സര്‍ക്കാര്‍ ഫോസില്‍ ഇന്ധനങ്ങളുെ ഉത്പാദനവും ഉപഭോഗവും സജീവമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് ഹരിതോര്‍ജ്ജ പാതയിലേക്കുള്ള നമ്മുടെ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്നതാണ്.
കേള്‍ക്കാതെ പോകുന്ന ഭൂമിയുടെ നിലവിളി
മിക്കവരെയും സംബന്ധിച്ച് ലോക പരിസ്ഥിതി ദിനം കലണ്ടറിലെ ഒരു തീയതി മാത്രമാണ്. എന്നാല്‍ ഭൂമിയുടെ നാഡിമിടുപ്പ് അറിയുന്നവര്‍ക്കാകട്ടെ ഓരോ ദിവസവും പരിസ്ഥിതിക്ക് വേണ്ടിയുള്ളതാണ്. നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, ഭൂമി, ചെടികള്‍, മൃഗങ്ങള്‍-നമുക്ക് ഒപ്പമുള്ള ഓരോന്നും ഒരൊറ്റ സംവിധാനമാണ്. ഈ ഗ്രഹത്തെയും ഇവിടെ വളരുന്ന ജീവനും പ്രാധാന്യം നല്‍കുന്നവര്‍ക്ക് ഇതിന്‍റെ ഭാവിയെ അവഗണിക്കാനാകില്ല.കോടിക്കണക്കിന് വര്‍ഷങ്ങളായി നമ്മുടെ ഗ്രഹം നിശബ്‌ദമാണ്. ഒരിക്കലും നമ്മുടെ ഭൂമി സഹവര്‍ത്തിത്വത്തിനുള്ള വ്യവസ്ഥകള്‍ മനുഷ്യര്‍ക്ക് മുന്നില്‍ വച്ചിട്ടില്ല. എന്നാല്‍ ഈ നിശബ്‌ദത ഒരു സൗകര്യമായി ആരും എടുക്കരുതെന്ന ഓര്‍മ്മപ്പെടുത്തലാണ് ഓരോ പരിസ്ഥിതി ദിനവും. ശക്തമായ ഒരു സംവിധാനം ഇല്ലാതാകാന്‍ തുടങ്ങുമ്പോള്‍ ഈ ഗ്രഹം സംസാരിക്കാന്‍ തുടങ്ങും.
വനങ്ങള്‍ ചുരുങ്ങുമ്പോള്‍, വായുവും നദികളും വറ്റിവരളുമ്പോള്‍-മലിനമാകുമ്പോള്‍, താപനില ഉയരുമ്പോള്‍ ഭൂമി അസ്വസ്ഥതയുടെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങും. ഇവയെല്ലാം ഭൂമി നല്‍കിയിട്ടും നമ്മില്‍ പലരും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.ഈ ഘട്ടത്തിലാണ് നാം ഇക്കൊല്ലത്തെ ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ നാം കൂറ്റന്‍ എടുപ്പുകള്‍ നിര്‍മ്മിക്കുന്നു, മോശം വായുനിലവാരം, വറ്റിവരളുന്ന പുഴകള്‍, ഇല്ലാതായിക്കൊണ്ടിരിക്കുന്ന വനം, ജലക്ഷാമം എന്നിവയാണ് ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍.
പരിസ്ഥി പ്രവര്‍ത്തകരെ ആദരിക്കാം
ഭൂമിയെ ശ്രദ്ധിക്കുന്നവരെ നാം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്ത് പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളികളായ ചില വനിതകളുണ്ട്. പരമ്പരാഗത അറിവുകളും ആധുനിക പാഠങ്ങളും ചേര്‍ത്താണ് അവര്‍ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി നിലകൊണ്ടത്. 1970കളില്‍ പ്രശസ്‌തമായ ചിപ്‌കോ പ്രസ്ഥാനത്തിന്‍റെ മുന്നണിപ്പോരാളി ആയിരുന്ന ഗ്രാമീണ വനിത ഗൗര ദേവിയെപ്പോലുള്ളവര്‍ അവരില്‍ ചിലരാണ്. കാര്‍ഷിക പരമാധികാരത്തിനും ജൈവ വൈവിധ്യ സംരക്ഷത്തിനും വേണ്ടി നിലകൊണ്ട ഇന്ത്യന്‍ പരിസ്ഥിതി പ്രവര്‍ത്തകയും ശാസ്‌ത്രജ്ഞയുമായ വന്ദന ശിവ തന്‍റെ പോരാട്ടങ്ങളിലൂടെ ലോകം മുഴുവനും ശ്രദ്ധേയയായി. രാജസ്ഥാനിലെ വനിതാ പരിസ്ഥിതി പ്രവര്‍്തതകര്‍ തങ്ങളുടെ ഗ്രാമത്തിലെ വറ്റിവരണ്ട പടിക്കെട്ട് കിണറുകള്‍ വീണ്ടെടുത്ത് ജലസംരക്ഷണത്തിന് പുത്തന്‍ മാതൃകകള്‍ ചമച്ചു. പടിക്കെട്ട് കിണറുകള്‍ തങ്ങളുടെ പാരമ്പര്യത്തിന്‍റെ ചിഹ്‌നങ്ങള്‍ മാത്രമല്ല മറിച്ച് ജീവിതചര്യ തന്നെയാണെന്ന് അവര്‍ വിശ്വസിച്ചു. അത് കൊണ്ട് തന്നെ ഇവ സംരക്ഷിക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നും. അതിനായി അവര്‍ അക്ഷീണം പോരാടി.ചുഴലിക്കാറ്റും കടലേറ്റവും മൂലം ജീവിതം താറുമാറായ സുന്ദര്‍ബന്നിലെ പതിനായിരക്കണക്കിന് സ്‌ത്രീകള്‍ ഇന്ന് പ്രകൃതിയുടെ സംരക്ഷകരാണ്.
ബഡാബന്‍ ഫാര്‍മേഴ്‌സിലെ 18000ത്തിലേറെ വരുന്ന വനിതകള്‍ 4600 ഹെക്‌ടര്‍ കടല്‍ത്തീരം പുനഃസ്ഥാപിച്ചിരിക്കുന്നു. ഇവരില്‍ മിക്കവരും കടുവ വിധവകള്‍ എന്ന് അറിയപ്പെടുന്നവരാണ്. ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ കടുവകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനാലാണ് ഇത്തരമൊരു വിശേഷണം. ഇവര്‍ ഈ വിഷാദപര്‍വത്തില്‍ നിന്ന് പുറത്ത് കടന്ന് കണ്ടല്‍ക്കാടുകള്‍ നട്ടുപിടിപ്പിക്കുകയും കണ്ടല്‍ സേന എന്ന സംഘടനയിലൂടെ അന്‍പതിനായിരം കണ്ടല്‍ച്ചെടികള്‍ സംരക്ഷിക്കുകയും ചെയ്‌തു.കര്‍ണാടകയിലെ സാലുമരാധ തിമ്മക്ക ലോകപ്രശസ്‌തയായ പരിസ്ഥിതി പ്രവര്‍ത്തകയാണ്. അവര്‍ മരങ്ങളെ സ്വന്തം മക്കളെ പോലെ സ്‌നേഹിച്ചു. അങ്ങനെ ഭൂമിയുടെ അമ്മയായി. തിമ്മക്കയും അവരുടെ മരിച്ചു പോയ ഭര്‍ത്താവ് ചിക്കയ്യയും ചേര്‍ന്ന് ആല്‍മരങ്ങള്‍ നടാനും അവയെ മക്കളെ പോലെ സംരക്ഷിക്കാനും തീരുമാനിച്ചതാണ് ഏറ്റവും മഹത്തായ പ്രവര്‍ത്തനം. ദേശീയപാതയിലുടനീളം അവര്‍ നൂറ് കണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിച്ചു പരിപാലിച്ചു. തിമ്മക്കയെ നാട്ടുകാര്‍ വൃക്ഷമാത സാലുമരാദ എന്ന് വിളിച്ചു. സാലുമരാദ എന്നാല്‍ കന്നഡയില്‍ മരക്കൂട്ടം എന്നാണ് അര്‍ത്ഥം. ദേശീയപാതയിലെ ആല്‍മരങ്ങള്‍ക്ക് പുറമെ എണ്ണായിരത്തോളം ചെടികളും അവര്‍ നട്ടുപിടിപ്പിച്ചു.
ഔപചാരിക വിദ്യാഭ്യാസം ഇല്ലാത്ത ജീവിതകാലമത്രയും ദാരിദ്ര്യത്തില്‍ കഴിഞ്ഞ തിമ്മക്ക തനിക്കുണ്ടായിരുന്നതെല്ലാം പ്രകൃതിക്ക് നല്‍കി.സുനിത നാരായണ്‍, മേധ പട്‌കര്‍, സുഗതകുമാരി, ജാനകി അമ്മാള്‍ തുടങ്ങി നിരവധി വനിതകള്‍ തങ്ങളുടെ ജീവിതം പരിസ്ഥിതി സംരക്ഷണത്തിനായി ഉഴിഞ്ഞു വച്ചു. രാജ്യത്തെ ആദ്യ വനിത സസ്യശാസ്‌ത്രജ്ഞയായ ജാനകി അമ്മാള്‍ തന്‍റെ ശാസ്‌ത്രീയ അറിവുകള്‍ കൊണ്ടാണ് 1970ല്‍ കുന്തിപ്പുഴ ജലവൈദ്യുതി പദ്ധതി നിര്‍മ്മാണത്തിനുള്ള അധികൃതരുടെ നീക്കത്തെ വെല്ലുവിളിച്ചത്. വനം നശിപ്പിക്കുന്ന പദ്ധതി ആയിരുന്നു അത്. മരത്തിനു സ്‌തുതി പോലുള്ള തന്‍റെ കവിതകളിലൂടെ സുഗതകുമാരി ജനങ്ങളില്‍ പരിസ്ഥിതി സംരക്ഷണ അവബോധം സൃഷ്‌ടിച്ചു. സാധാരണക്കാരും വിദ്യാര്‍ത്ഥികളും രാഷ്‌ട്രീയനേതാക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സുഗതകുമാരി പകരം വയ്ക്കാനാകാത്ത നമ്മുടെ ആവാസ വ്യവസ്ഥ നശിപ്പിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് വ്യാപക ബോധവത്ക്കരണം നടത്തി.
"The Earth doesn't need us. We need the Earth. Choose wisely."