തമിഴ്‌നാട്ടിൽ 1962 മുതലുള്ള ഡിഎംകെ ബന്ധം ഉപേക്ഷിച്ച്‌ മുസ്ളീം ലീഗ്

തമിഴ്‌നാട്ടിൽ 1962 മുതലുള്ള ഡിഎംകെ  ബന്ധം ഉപേക്ഷിച്ച്‌ മുസ്ളീം ലീഗ്

ചെന്നൈ: തമിഴ്നാട്ടിലെ നീണ്ടകാലത്തെ രാഷ്ട്രീയ കൂട്ടുകെട്ട് അവസാനിപ്പിച്ച് ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിൽ നിന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പിന്മാറി. ചെന്നൈയിൽ ചേർന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടായത്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഏത് മുന്നണിയോടൊപ്പമായിരിക്കും സഹകരിക്കുക എന്നത് പിന്നീട് തീരുമാനിക്കുമെന്ന് മുസ്ലീം ലീഗ് നേതൃത്വം അറിയിച്ചു.2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് ശേഷമാണ് പാർട്ടിയുടെ ഈ നിർണ്ണായക തീരുമാനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച മുസ്ലീം ലീഗിന് പാപനാശം, വാണിയമ്പാടി എന്നീ രണ്ട് സീറ്റുകളാണ് ഡിഎംകെ നൽകിയിരുന്നത്. ഇരു മണ്ഡലങ്ങളിലും പാർട്ടി മികച്ച വിജയം കൈവരിക്കുകയും ചെയ്തിരുന്നു. 1962 മുതൽ ഡിഎംകെയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയാണ് മുസ്ലീം ലീഗ്.

അതേസമയം, തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സംഭവവികാസങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഡിഎംകെ സഖ്യത്തിൻ്റെ ഭാഗമായി മത്സരിച്ച് ജയിച്ച പാപനാശം എംഎൽഎ എ.എം. ഷാജഹാനെ, സി. ജോസഫ് വിജയ് നയിക്കുന്ന ടിവികെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നു. നിലവിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയാണ് അദ്ദേഹം. സഖ്യത്തിൻ്റെ ഭാഗമായി മത്സരിച്ചെങ്കിലും, നിലവിൽ ടിവികെ  സർക്കാരിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന എംഎൽഎ കൂടിയായ ഷാജഹാൻ്റെ  പദവിയിൽ ഈ പിന്മാറ്റം എന്ത് സ്വാധീനം ചെലുത്തുമെന്നത് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുകയാണ്.