രക്ഷാപ്രവർത്തനം വിഫലം: ബോർവെല്ലിൽ വീണ നാലുവയസ്സുകാരന് ദാരുണ മരണം

അംബാല: ഹരിയാനയിലെ അംബാല ജില്ലയിൽ 220 അടി താഴ്ചയുള്ള തുറന്ന ബോർവെല്ലിൽ വീണ നാലുവയസ്സുകാരൻ ദാരുണമായി മരിച്ചു. 21 മണിക്കൂർ നീണ്ടുനിന്ന തീവ്രമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ന് പുലർച്ചെ 3:40-ഓടെയാണ് നിർവായ് സിങ് എന്ന ബാലനെ പുറത്തെടുത്തത്. ഉടൻ തന്നെ അംബാല കന്റോൺമെന്റിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, കുട്ടി അപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെ 6:30-ഓടെ ധാനിയോറ ഗ്രാമത്തിലായിരുന്നു സംഭവം. അച്ഛൻ മൻജിത്തിനൊപ്പം പാടത്ത് ഭക്ഷണം എത്തിക്കാൻ പോയതായിരുന്നു നിർവായ്. അച്ഛനും മുത്തച്ഛനും ജോലിയിലും ഭക്ഷണത്തിലും മുഴുകിയിരുന്ന സമയം, കളിക്കാനായി അല്പം മാറിപ്പോയ കുട്ടി തുറന്നുകിടന്ന ബോർവെല്ലിനടുത്തേക്ക് എത്തുകയായിരുന്നു. ബോർവെല്ലിലേക്ക് മണ്ണ് എറിയുന്നതിനിടെ അരികിലെ നനഞ്ഞ മണ്ണ് ഇടിഞ്ഞ് കുട്ടി ഉള്ളിലേക്ക് വീഴുകയായിരുന്നു.

തുടക്കത്തിൽ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് രാവിലെ 7:30-ഓടെ വിവരമറിഞ്ഞ അധികൃതർ എൻഡിആർഎഫ് , എസ്ഡിആർഎഫ് , കരസേന എന്നിവയുടെ സഹായത്തോടെ വലിയ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഹരിയാന മന്ത്രി അനിൽ വിജ് അടക്കമുള്ളവർ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. എങ്കിലും, ദീർഘനേരം കുട്ടിക്ക് അകത്തു കിടക്കേണ്ടി വന്നത് മരണത്തിന് കാരണമായി.
ബോർവെൽ തുറന്നിട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ അജയ് സിങ് തോമർ അറിയിച്ചു. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പാടങ്ങളിൽ ഉപയോഗശൂന്യമായ ബോർവെല്ലുകൾ സുരക്ഷിതമായി അടച്ചിടണമെന്ന് അദ്ദേഹം കർഷകരോട് അഭ്യർത്ഥിച്ചു.