മമത ബാനർജിയ്ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസിൽ (TMC) ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ലോക്‌സഭയിലെ മുതിർന്ന ടിഎംസി നേതാവും മമതയുടെ ഏറ്റവും അടുത്ത വിശ്വസ്തനുമായിരുന്ന സുദിപ് ബന്ദോപാധ്യായ വിമതപക്ഷത്തേക്ക് നീങ്ങുന്നതായാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ.
തൃണമൂലിലെ മമതാ വിരുദ്ധ നീക്കങ്ങൾക്ക് അണിയറയിൽ നേതൃത്വം നൽകുന്ന ശതാബ്ദി റോയിക്കൊപ്പം സുദിപ് ബന്ദോപാധ്യായ ഡൽഹിയിലെത്തി ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിക്കഴിഞ്ഞു. ഡൽഹിയിലുള്ള കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഭൂപേന്ദർ യാദവിൻ്റെ വസതിയിലെത്തിയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ഈ സുപ്രധാന ചർച്ചകളുടെ ഭാഗമായതായാണ് വിവരം.നേരത്തെ മമത ബാനർജിയുടെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ രംഗത്തുവരികയും പാർലമെന്റിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ സ്പീക്കറുടെ അനുമതി തേടുകയും ചെയ്ത 19 വിമത ടിഎംസി എംപിമാരുടെ ആദ്യ പട്ടികയിൽ സുദിപ് ബന്ദോപാധ്യായ ഒപ്പുവെച്ചിരുന്നില്ല. എന്നാൽ രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരിപ്പിച്ചുകൊണ്ട് ഇപ്പോൾ ഇദ്ദേഹവും വിമതർക്കൊപ്പം പരസ്യമായി കൈകോർത്തിരിക്കുകയാണ്. പാർട്ടിയിലെ അതിശക്തനായ സുദിപ് ബന്ദോപാധ്യായ കൂടി എത്തിയതോടെ, ലോക്‌സഭയിൽ മമത ബാനർജിയെ പൂർണ്ണമായും പ്രതിരോധത്തിലാക്കിയ വിമത എംപിമാരുടെ എണ്ണം 20 ആയി ഉയർന്നു. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ മമത വിട്ട് പുറത്തേക്ക് വരുമെന്നാണ് വിമതപക്ഷം നൽകുന്ന സൂചന.