കടം വാങ്ങിയ പൈസ തിരിച്ചുകൊടുത്തില്ല : ഒറ്റപ്പാലത്ത് 60കാരനെ തലക്കടിച്ചു കൊന്നു

കടം വാങ്ങിയ പൈസ തിരിച്ചുകൊടുത്തില്ല : ഒറ്റപ്പാലത്ത് 60കാരനെ തലക്കടിച്ചു കൊന്നു

പാലക്കാട്: ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡിൽ അജ്ഞാതനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. അരുവിക്കര വമ്മണൂർ രേവതി ഭവനിൽ മധുസൂദനൻ നായർ(56) ആണ് പിടിയിലായത്. ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം ചൊവ്വാഴ്ച രാവിലെയാണ് 60കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഇതര സംസ്ഥാനക്കാരനാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മധുസൂദനനിൽനിന്ന് ഇയാൾ 2000 രൂപ കടം വാങ്ങിയിരുന്നു. ഈ തുക തിരികെ നൽകാത്തതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബസ് സ്റ്റാൻഡിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 60കാരനെ പ്രതി സമീപത്തുകിടന്ന വലിയ കല്ലെടുത്ത് തലിലിട്ട് കൊലപ്പെടുത്തുകയായിരുന്നു.കൊലപാതകത്തിന് ഉപയോഗിച്ച കല്ല് പൊലീസ് സ്ഥലത്തുനിന്ന് കണ്ടെടുത്തു. ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മദ്യലഹരിയിലല്ല കൊലപാതകം നടത്തിയതെന്നും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തലക്കടിക്കുകയായിരുന്നുവെന്നും ഇയാൾ വ്യക്തമാക്കി. കൊലപാതകത്തിനു ശേഷം പ്രതി ചെർപ്പുളശ്ശേരിയിലേക്കും തുടർന്ന് പട്ടാമ്പിയിലേക്കും കടന്നു. പിന്നീട് അന്വേഷണ വിവരങ്ങൾ അറിയുന്നതിനായി ഒറ്റപ്പാലത്ത് വീണ്ടും എത്തിയപ്പോഴാണ് കുടുങ്ങിയത്. ബസ് സ്റ്റാൻഡ് പരിസരത്തെ മദ്യവിൽപന ശാലക്ക് സമീപത്തുനിന്നാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.സിസിടിവി നിർണായകമായി

കൊല്ലപ്പെട്ടയാളുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ ഇവർക്ക് കൃത്യത്തിൽ പങ്കില്ലെന്ന് വ്യക്തമായി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. തിങ്കളാഴ്ച രാത്രി 11 മുതൽ ചൊവ്വാഴ്ച രാവിലെ വരെ മധുസൂദനൻ്റെ സാന്നിധ്യം സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. ഇതോടെ ഇയാളുടെ ചിത്രങ്ങൾ മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്കും സാമൂഹിക മാധ്യമങ്ങളിലും കൈമാറി ഊർജിതമായ അന്വേഷണം നടത്തുകയായിരുന്നു. ഷൊർണൂർ ഡിവൈഎസ്പി സജു കെ എബ്രഹാമിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അതിവേഗം പ്രതിയെ വലയിലാക്കിയത്. ഫോറൻസിക് വിദഗ്ധരും വിരലടയാള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.കൊല്ലപ്പെട്ടയാളും ഒപ്പമുണ്ടായിരുന്ന സ്ത്രീയും രണ്ട് ദിവസം മുൻപാണ് ഒറ്റപ്പാലത്ത് എത്തിയത്. പ്ലാസ്റ്റിക് കുപ്പികളും പഴയ സാധനങ്ങളും പെറുക്കി വിറ്റ് ജീവിക്കുന്നവരാണ് ഇവർ. തലയിലേറ്റ മാരകമായ മുറിവിനെ തുടർന്ന് രക്തം വാർന്നതാണ് മരണകാരണം. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി