വയനാട്ടിൽ 7 പേർക്ക് കൂടി ഷിഗല്ല ; രോഗബാധിതരുടെ എണ്ണം 16

വയനാട്: ജില്ലയിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ ഇതുവരെ ഷിഗല്ല സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. പകർച്ച വ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവൽക്കരണ പ്രവർത്തനങ്ങളും ജില്ലയിൽ ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി രേഖ അറിയിച്ചു. നിലവിൽ രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്‌തികരമാണെന്നും ഡി.എം.ഒ അറിയിച്ചു.രോഗലക്ഷണങ്ങളുള്ള കുട്ടികൾ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കണം. കുട്ടികളിൽ നിന്ന് മറ്റുള്ളവരിലേക്കും, മുതിർന്നവരിലേക്കും രോഗം പകരുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകളും പ്രതിരോധ മാർഗ്ഗങ്ങളും സ്വീകരിക്കേണ്ടതാണ്. പുതിയതായി രോഗലക്ഷണങ്ങൾ പ്രകടമാവുന്നുണ്ടെങ്കിൽ ഉടൻ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുകയും വേണം.
ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിർദ്ദേശങ്ങളും പ്രതിരോധ മാർഗങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും, വ്യക്തി , ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളിൽ യാതൊരുവിധ വീഴ്‌ചയും വരുത്തരുതെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കേരളത്തിലെ വിവിധ ജില്ലകളിൽ ഷിഗെല്ല ബാക്‌ടീരിയ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയും സമ്പർക്കത്തിലൂടെയും വളരെ വേഗം പടരുന്ന ബാക്‌ടീരിയ ബാധയായതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. വയറിളക്കം, പനി, കടുത്ത വയറുവേദന, മലത്തോടൊപ്പം രക്തവും പഴുപ്പും കലർന്നു പോവുക എന്നിവയാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയംചികിത്സ ഒഴിവാക്കി കൃത്യമായ വൈദ്യസഹായം തേടണം.
കോഴിക്കോട് മൂന്ന് വയസ്സുകാരന് രോഗബാധ
പയ്യോളി മുനിസിപ്പാലിറ്റിയിലെ തച്ചൻകുന്നിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനെത്തുടർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിശോധനാ ഫലം ഇന്നലെ ലഭിച്ചതോടെയാണ് രോഗം സ്ഥിരീകരിച്ചത്.നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. വീട്ടിലെ മറ്റ് അംഗങ്ങളിലേക്ക് രോഗം പകർന്നിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് പയ്യോളി തച്ചൻകുന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. പരിസര ശുചിത്വവും ബോധവൽക്കരണവും ഊർജിതമാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ഇതുവരെ 12 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുള്ളത്.
യാത്ര വേളകളിൽ ശുദ്ധമായ ഭക്ഷണവും വെള്ളവും ഉപയോഗിക്കുക
ദഹന വ്യവസ്ഥിതിയെ കീഴടക്കുന്ന ഒരു തരം ബാക്‌ടീരിയകളുടെ കൂട്ടമാണ് ഷിഗെല്ല. ഇവ വൻകുടലിനെ ബാധിക്കുന്നതും വളരെ വേഗത്തിൽ പടരുന്നതുമായ ഒരു പകർച്ചവ്യാധിയാണ്. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പ്രധാനമായും പകരുന്നത്. ശരിയായ സമയത്ത് പ്രതിരോധവും ചികിത്സയും ലഭിച്ചില്ലെങ്കിൽ ഇത് മരണം വരെ സംഭവിക്കാവുന്ന ഗുരുതരമായ അവസ്ഥയായി മാറാം.അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്കാണ് ഷിഗെല്ല ബാക്‌ടീരിയ ഏറ്റവും വേഗത്തിൽ പടരാൻ സാധ്യത. അംഗണവാടികൾ സ്‌കൂളുകൾ ശിശു സംരക്ഷണകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും രോഗം വേഗത്തിൽ പടരാൻ സാധ്യതയുണ്ട്. യാത്ര വേളകളിൽ സുരക്ഷിതമായി ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നവർക്ക് അണുബാധയ്ക്ക് സാധ്യത കൂറവായിരിക്കും.യാത്ര വേളകളിൽ ശുദ്ധമായ ഭക്ഷണവും വെള്ളവും ഉപയോഗിക്കുക