കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു

കണ്ണൂര്‍: സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു.  ചക്കരകല്ല് ,പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എം വി(37)യാണ് മരിച്ചത്.  പള്ളിപ്പൊയിലില്‍ കിണര്‍ കുഴിക്കുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്. ഗൾഫിൽ നിന്നും അവധിക്കുവന്ന സനല്‍ കുമാര്‍ സുഹൃത്തിൻ്റെ വീട്ടിൽ കിണർകുഴിക്കുമ്പോൾ  സഹായിക്കാനായി വന്നതായിരുന്നു. ജോലിക്കിടെ ഇന്നലെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ മരിക്കുകയായിരുന്നു. സൂര്യാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഇതരസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പൊള്ളൽ

 എറണാകുളം കൂത്താട്ടുകുളത്ത് സൂര്യഘാതമേറ്റ് ഇതരസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പൊള്ളൽ. ഒറീസ സ്വദേശിയായ പാണ്ഡവ ബൈര (27) യ്ക്കാണ് പരിക്കേറ്റത്. താമരക്കാട് ഭാഗത്ത് പ്രവർത്തിക്കുന്ന തടിമില്ലിലെ തൊഴിലാളിയാണ് ഇദ്ദേഹം.യുവാവിൻ്റെ ഇരു കൈകളിലും, കഴുത്തിലുമാണ് പൊള്ളലേറ്റിരിക്കുന്നത്. ഇദ്ദേഹത്തെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ യുവാവ് നിരീക്ഷണത്തിലാണ്

ഉഷ്‌ണതരംഗ മുന്നറിയിപ്പ്

കേരളത്തില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഉഷ്‌ണതരംഗത്തിന് സാധ്യത നിലനില്‍ക്കെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്നും നാളെയും ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 41 °C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 °C വരെയും, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും, ആലപ്പുഴ, മലപ്പുറം, കണ്ണൂർ ,കാസര്‍കോട് ജില്ലകളിൽ 37 °C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 4 to 5˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരളത്തിൽ 25/04/2026, 26/04/2026 തീയതികളിൽ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം ജില്ലയിൽ 39 °C, തൃശൂർ, കോട്ടയം ജില്ലകളിൽ 38 °C വരെയും; പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസര്‍കോട്, കോഴിക്കോട് ജില്ലകളിൽ 37 °C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് (23/04/2026) മുതൽ 26/04/2026 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.