ഓഫീസിലെ എസി പൊട്ടിത്തെറിച്ചു; രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം

തിരുവനന്തപുരം: സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന് സമീപമുള്ള ജില്ലാ സ്‌പോർട്‌സ് ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെയുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം. എസിയിൽ ഗ്യാസ് നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ അറ്റകുറ്റപ്പണിക്കെത്തിയ രണ്ട് തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൊട്ടിത്തെറിച്ച എസിയുടെ ചീളുകൾ ദേഹത്ത് കുത്തിക്കയറിയതിനെ തുടർന്നാണ് ഒരാളുടെ നില ഗുരുതരമായത്. സെക്രട്ടറിയേറ്റിന് സമീപത്തെ അതീവ സുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ, പ്രവർത്തനരഹിതമായ എസി നന്നാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഏറെ പഴക്കമുള്ള എസിയിൽ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുമ്പ് ദേശീയ ഗെയിംസ് നടന്ന വേദികളിൽ ഉപയോഗിച്ച എസിയാണ് കെട്ടിടത്തിൽ സ്ഥാപിച്ചിരുന്നത്. പത്ത് വർഷത്തിലധികം പഴക്കമുള്ള എസിയാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. ഇതിൻ്റെ അറ്റകുറ്റപ്പണിക്കായാണ് രണ്ട് പേരുമെത്തിയത്.വൻ ശബ്‌ദത്തോടെ നടന്ന പൊട്ടിത്തെറിയിൽ സെക്രട്ടേറിയറ്റ് വളപ്പിൽ നിന്ന ആൾക്കാരും ആശങ്കയിലായി. എന്താണ് സംഭവിച്ചതെന്ന് പലർക്കും മനസിലായില്ലെന്ന് സെക്രട്ടേറിയറ്റ് സുരക്ഷയിലുള്ള ജീവനക്കാർ പറഞ്ഞു. സെക്രട്ടേറിയേറ്റിൻ്റെ മതിലിന് സമീപമുണ്ടായിരുന്നവർ സ്‌ഫോടന ശബ്‌ദം കേട്ട് ഓടി മാറിയെന്നും സുരക്ഷ ജീവനക്കാർ പറഞ്ഞു.
കെട്ടിടത്തിന് വർഷങ്ങൾ പഴക്കം
സ്‌ഫോടനം നടന്ന തിരുവനന്തപുരം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ആസ്ഥാനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മുമ്പ് ഗ്രൗണ്ടിന് സമീപമുള്ള പി ടി ഉഷ ഹാളിലാണ് ജില്ലാ സ്‌പോർട്‌സ് കൗൺസിലിൻ്റെ ആസ്ഥാനം പ്രവർത്തിച്ചിരുന്നത്. ഇക്കഴിഞ്ഞ ആഴ്ചയാണ് ജില്ലാ ആസ്ഥാനം ഇങ്ങോട്ടേക്ക് മാറ്റി സ്ഥാപിച്ചത്. തുടർന്നാണ് കെട്ടിടത്തിനുള്ളിൽ സ്ഥാപിക്കപ്പെട്ടിരുന്ന എസിയുടെ അറ്റകുറ്റപ്പണികൾക്കായി ജോലിക്കാർ എത്തിയത്.സംസ്ഥാനത്ത് വേനൽ മഴ പെയ്‌തിട്ടും കടുത്ത ചൂട് തുടരുകയാണ്. ഇന്നലെ പെയ്‌ത വേനൽ മഴയിലും കാറ്റിലും സംസ്ഥാനത്താകെ കനത്ത നാശനഷ്‌ടം സംഭവിച്ചിരുന്നു. വേനൽ ചൂട് പതിവിലുമധികം അധികരിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് സർക്കാർ നടപ്പാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനെ തള്ളി വൈദ്യുത മന്ത്രി കെ കൃഷ്‌ണൻ കുട്ടിയും രംഗത്ത് വന്നിരുന്നു.