"തോൽവി അം​ഗീകരിക്കുന്നു, ബിജെപിക്ക് 3 സീറ്റുകൾ എന്നത് അതീവ ​ഗൗരവമുള്ള കാര്യം": സിപിഎം

"തോൽവി അം​ഗീകരിക്കുന്നു, ബിജെപിക്ക് 3 സീറ്റുകൾ എന്നത് അതീവ ​ഗൗരവമുള്ള കാര്യം":  സിപിഎം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവി അം​ഗീകരിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. എൽ‌ഡിഎഫിന്റെ പരാജയം അപ്രതീക്ഷിതമാണ്. പോരായ്മകൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടേറിയറ്റ് പ്രതികരിച്ചു.കേരള നിയമസഭയിൽ ബിജെപിക്ക് 3 സീറ്റ് നേടാനായി എന്നത് ​ഗൗരവമുള്ള കാര്യമാണ്. ഈ 3 നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്കെതിരെ പൊരുതി, നാമമാത്രമായ വോട്ടുകൾക്ക് പരാജയപ്പെട്ടത് എൽഡിഎഫാണ്. ഈ മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നുവെന്നു ഓർക്കണം. മത സൗ​ഹാർദ്ദത്തിനു പേരുകേട്ട കേരളത്തിന്റെ മണ്ണിൽ വർ​ഗീയ രാഷ്ട്രീയത്തിനെതിരെ കൂടുതൽ ശക്തമായി മുന്നോട്ടു പോകേണ്ടതിന്റെ പ്രധാന്യമാണ് ബിജെപിയുടെ കടന്നു വരവ് ഓർമിപ്പിക്കുന്നതെന്നും സിപിഎം വ്യക്തമാക്കി.

അ​ഗോളവത്കരണ നയങ്ങൾ അതേപടി നടപ്പാക്കി തകർന്ന കേരളത്തെ അതിദാരിദ്ര്യം പരിഹരിച്ചുകൊണ്ടു മുന്നോട്ടു പോകുന്ന സംസ്ഥാനമാക്കി മാറ്റാൻ‌ എൽഡിഎഫ് സർക്കാരിനു കഴിഞ്ഞു. വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ പ്രകടനപത്രികയിൽ പറഞ്ഞ വാ​ഗ്ദാനങ്ങളെല്ലാം നടപ്പിലാക്കാനും സർക്കാരിനു സാധിച്ചു. സമസ്ത മേഖലകളിലും പുരോ​​ഗതി ആർജിക്കാനായി. കാർഷിക, വ്യാവസായിക മേഖലകൾ ശക്തിപ്പെട്ടു. ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ രാജ്യത്തിനു തന്നെ മാതൃകയായി. ആരോ​ഗ്യം, വിദ്യാഭ്യാസം, പാർപ്പിടം, ശുചിത്വം തുടങ്ങിയ മേഖലകളിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങളും രാജ്യത്തിനാകെ മാതൃകയായി.