പാലാ നഗരസഭയിൽ ഭരണ പ്രതിസന്ധി; 5 കോൺഗ്രസ് കൗൺസിലർമാർ നേതൃത്വത്തിനു കത്തയച്ചു

കോട്ടയം: ഭരണ പ്രതിസന്ധി രൂക്ഷമായ പാലാ നഗരസഭയിലെ 5 കോൺഗ്രസ് കൗൺസിലർമാർ നേൃത്വത്തിനു കത്തയച്ചു. ഭരണത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കാണിച്ചാണ് കൗൺസിലർമാർ കത്ത് നൽകിയതായാണ് വിവരം. അധികാരത്തിലെത്തി കേവലം ആറ് മാസം പിന്നിടുമ്പോള്‍ തന്നെ നഗരസഭയിലെ യുഡിഎഫ് ഭരണത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും പുളിക്കക്കണ്ടം കുടുംബത്തിൻ്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര അംഗങ്ങളുടെ കൂട്ടായ്മയും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെയാണ് ഭരണ മുന്നണിക്കുള്ളില്‍ പ്രതിസന്ധി ശക്തമായത്. സ്വതന്ത്ര കൗണ്‍സിലറായ ദിയ പുളിക്കക്കണ്ടം കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു മാത്യൂസിനെതിരെ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവാദം പുതിയ തലത്തിലെത്തിയത്. ഏതാനും ദിവസം മുമ്പ് തന്റെ വാച്ചും ഒരു ഫയലും ബിജു മാത്യൂസ് മോഷ്ടിച്ചെന്നാരോപിച്ചാണ് ദിയ പരാതി നല്‍കിയത്.ഇതിന് ദിവസങ്ങള്‍ക്കുമുമ്പ് ബിജു മാത്യൂസ്, ദിയയുടെ പിതാവും കൗണ്‍സിലറുമായ ബിനു പുളിക്കക്കണ്ടത്തിനെ ശാരീരികമായി ആക്രമിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതോടെ ഇരു വിഭാഗങ്ങളും പരസ്പരം ആരോപണങ്ങളും പരാതികളും ഉന്നയിക്കുന്ന സാഹചര്യമാണുണ്ടായത്. അതേസമയം, ദിയ പുളിക്കക്കണ്ടം, ബിനു പുളിക്കക്കണ്ടം, ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കക്കണ്ടം എന്നിവരടങ്ങുന്ന സ്വതന്ത്ര അംഗങ്ങളുടെ കൂട്ടായ്മ പാലയിലെ 'ടീം യുഡിഎഫ്' വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്തുപോയതും മുന്നണിക്കുള്ളിലെ വിഭാഗീയത വ്യക്തമാക്കുന്നതാണ്.