യാത്രക്കാർക്ക് തിരിച്ചടി; ആഭ്യന്തര സർവീസുകൾ 22 ശതമാനം വരെ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ

ന്യുഡൽഹി: യാത്രക്കാർക്ക് ആശങ്കയുണർത്തിക്കൊണ്ട് ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണത്തിൽ 22 ശതമാനം വരെ കുറവ് വരുത്താൻ എയർ ഇന്ത്യ തീരുമാനിച്ചു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മൂന്ന് മാസക്കാലയളവിലായിരിക്കും ഈ നിയന്ത്രണം ഏർപ്പെടുത്തുക. വിമാന ഇന്ധനമായ എവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (ATF) വില കുത്തനെ ഉയർന്നതും പ്രവർത്തനച്ചെലവ് വർധിച്ചതുമാണ് ഈ അപ്രതീക്ഷിത നീക്കത്തിന് പിന്നിലെ പ്രധാന കാരണം.
രണ്ടാഴ്ച മുൻപ് അന്തർദേശീയ സർവീസുകളിൽ 27 ശതമാനത്തിന്റെ കുറവ് വരുത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ ആഭ്യന്തര റൂട്ടുകളിലും നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതോടെ രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന പല റൂട്ടുകളിലും വിമാനങ്ങളുടെ ലഭ്യത കുറയും. വേനൽക്കാല യാത്രാ സീസൺ കൂടിയായതിനാൽ ഈ തീരുമാനം വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാൻ കാരണമായേക്കുമെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ. സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത് വഴി യാത്രാ പദ്ധതികൾ ബാധിക്കുന്നവർക്കായി എയർ ഇന്ത്യ ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബാധിക്കപ്പെടുന്ന യാത്രക്കാർക്ക് മറ്റ് ബദൽ വിമാനങ്ങളിൽ സീറ്റ് അനുവദിക്കുക, യാത്രാ തീയതികൾ സൗജന്യമായി മാറ്റി നൽകുക, താല്പര്യമില്ലാത്തവർക്ക് ടിക്കറ്റ് തുക പൂർണ്ണമായി റീഫണ്ട് ചെയ്യുക എന്നിവ ഒരുക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സംഘർഷങ്ങളും വ്യോമപാത നിയന്ത്രണങ്ങളും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിക്കാൻ കാരണമായിട്ടുണ്ട്. ഇന്ത്യൻ വിമാനക്കമ്പനികളുടെ ആകെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായാണ് ചിലവഴിക്കുന്നത്. സാഹചര്യങ്ങൾ സാധാരണ നിലയിലാകുന്നതോടെ സർവീസുകൾ പഴയപടി പുനഃസ്ഥാപിക്കുമെന്ന് കമ്പനി വ്യക്തമാക്കി. നിലവിൽ എയർ ഇന്ത്യ പ്രതിവാരം നടത്തുന്ന 4,400 സർവീസുകളിൽ 3,600 എണ്ണം ആഭ്യന്തര സർവീസുകളും 800 എണ്ണം അന്തർദേശീയ സർവീസുകളുമാണ്. സർവീസുകൾ കുറച്ചാലും വിപണിയിലെ തങ്ങളുടെ ശക്തമായ സാന്നിധ്യം തുടരുമെന്ന് എയർ ഇന്ത്യ അറിയിച്ചു.