ആകാശ എയർ പുതിയ രാജ്യാന്തര സർവീസ് പ്രഖ്യാപിച്ചു: റിയാദ് – കൊച്ചിയിലേക്ക് നേരിട്ടുള്ള സർവീസുകൾ

റിയാദ്: ഗൾഫ് പ്രവാസികൾക്കും അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നവർക്കും വലിയ ആശ്വാസമേകി പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയർ പുതിയ രാജ്യാന്തര സർവീസ് പ്രഖ്യാപിച്ചു. പ്രവാസികൾ ഏറെയുള്ള റിയാദ് – കൊച്ചി സെക്ടറിലേക്കാണ് കമ്പനി പുതിയ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നത്. ജൂലൈ രണ്ട് മുതൽ സർവീസുകൾ ഔദ്യോഗികമായി ആരംഭിക്കുമെന്ന് ആകാശ എയർ അധികൃതർ അറിയിച്ചു. കുറഞ്ഞ നിരക്കിൽ കൂടുതൽ യാത്രാ സൗകര്യങ്ങൾ ലഭ്യമാകുന്നതോടെ ഈ റൂട്ടിലെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും. ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ലഭ്യമാകുന്ന രീതിയിലാണ് കൊച്ചിയിൽ നിന്നും റിയാദിൽ നിന്നുമുള്ള സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. റിയാദിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി 9.25-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 05.25-ന് കൊച്ചിയിലെത്തും. ചൊവ്വാഴ്ചകളിൽ രാത്രി 10 മണിക്ക് പുറപ്പെടുന്ന വിമാനം തൊട്ടടുത്ത ദിവസം രാവിലെ ആറിനും, വ്യാഴം, ഞായർ ദിവസങ്ങളിൽ രാത്രി 11.55-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 07.55-നും കൊച്ചിയിൽ എത്തിച്ചേരും.
മടക്കയാത്രയ്ക്കായി കൊച്ചിയിൽ നിന്നും റിയാദിലേക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 5.25-ന് പുറപ്പെടുന്ന വിമാനം രാത്രി 8.25-ന് റിയാദിൽ എത്തും. ചൊവ്വാഴ്ചകളിൽ വൈകുന്നേരം ആറിന് പുറപ്പെട്ട് രാത്രി ഒമ്പതിനും, വ്യാഴം, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 7.55-ന് പുറപ്പെട്ട് രാത്രി 10.55-നും വിമാനം റിയാദിൽ എത്തിച്ചേരുന്ന രീതിയിലാണ് സമയക്രമം.ഈ പുതിയ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ആകാശ എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ AkasaAir.com വഴിയോ, മൊബൈൽ ആപ്പ് വഴിയോ അല്ലെങ്കിൽ മറ്റ് അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. സ്കൂൾ അവധിക്കാലവും പെരുന്നാൾ തിരക്കുകളും വരുന്ന സാഹചര്യത്തിൽ ആകാശ എയറിന്റെ ഈ പുതിയ ചുവടുവെപ്പ് സാധാരണക്കാരായ പ്രവാസികൾക്ക് വലിയ രീതിയിൽ പണലാഭവും യാത്രാസൗകര്യവും ഉറപ്പുനൽകുന്നു.