"എല്ലാ ഏകാധിപതികളും ഭീരുക്കളാണ്. ആ ശ്രേണിയിലെ അവസാനത്തെ ആളാണ് പിണറായി വിജയന്": വി ഡി സതീശന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. നാല് വോട്ടിന് വേണ്ടി എന്ത് നിലപാടും സ്വീകരിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും പിണറായി ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പനാണെന്നും സതീശന് വിമര്‍ശിച്ചു. ശബരിമലയില്‍ നാല് വോട്ടിന് വേണ്ടി അഭിപ്രായം മാറ്റില്ലെന്ന് പറഞ്ഞവര്‍ പിന്നെ വീട് കയറി മാപ്പ് പറഞ്ഞുവെന്നും സതീശന് വിമര്‍ശിച്ചു. തിരുവനന്തപുരം കാട്ടാക്കടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.'എല്ലാ ഏകാധിപതികളെയും ഭയമാണ് ഭരിക്കുന്നത്. ഹിറ്റ്ലറിനും സ്റ്റാലിനും ഭയമായിരുന്നു. പിണറായി വിജയനും ഭയമാണ്. ഒരു ഇന്റര്‍വ്യൂവിനെ പോലും ഭയക്കുന്ന ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്. പ്രതിപക്ഷ നേതാവ് ഒരു ഇന്റര്‍വ്യൂ നല്കിയപ്പോള് അത് മാറ്റാന്‍ സ്വന്തം പൊലീസിനെ കൊണ്ട് മെറ്റയോട് ശുപാര്‍ശ ചെയ്യിച്ച ഭീരുവാണ് പിണറായി വിജയന്. കേരളത്തിലെ പൊലീസ് മെറ്റയോട് ശുപാര്‍ശ ചെയ്തത് എന്തിന്റെ അടിസ്ഥാനത്തിലാണ്? കമന്റില്‍ എന്താണ് കുഴപ്പം? തെരഞ്ഞെടുപ്പ് കമ്മിഷനല്ല, പൊലീസാണ് ശിപാര്‍ശ ചെയ്തത്. എല്ലാം ചെയ്തത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് പറയുന്നത് വീണിടത്ത് കിടന്ന് ഉരുളലാണ്. നരേന്ദ്ര മോദിയുടെ അനിയനാണ് കേരളം ഭരിക്കുന്നത്. അതുതന്നെയാണ് സ്വഭാവം. എല്ലാ ഏകാധിപതികളും ഭീരുക്കളാണ്. ആ ശ്രേണിയിലെ അവസാനത്തെ ആളാണ് പിണറായി വിജയന്. പ്രതിപക്ഷ നേതാവിന്റെ ഇന്റര്‍വ്യൂവിനോട് പോലും അസഹിഷ്ണുതയും ഭയവുമാണ്. ഭയമാണ് ഇവിടെ ഭരിക്കുന്നത്. ഭീരുവായ മുഖ്യമന്ത്രിയാണ് ഭരിക്കുന്നതെന്നും വി ഡി സതീശന് വിമര്‍ശിച്ചു.