വീണ്ടും തരംഗമായി അണ്ണാമലൈ : 24 മണിക്കൂറിനുള്ളിൽ പുതിയ രാഷ്ട്രീയ കൂട്ടായ്മയിൽ ചേർന്നത് 14 ലക്ഷം പേർ

ചെന്നൈ: തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ആരംഭിച്ച പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് ജനങ്ങളിൽ നിന്നും വൻ പ്രതികരണം .പാർട്ടി വിട്ട് 24 മണിക്കൂറിനകം 14 ലക്ഷത്തോളം ആളുകളാണ് അണ്ണാമലൈയുടെ പുതിയ കൂട്ടായ്മയിൽ അംഗത്വമെടുത്തത്.
കഴിഞ്ഞ കുറേ ആഴ്ചകളായി ബിജെപി കേന്ദ്ര നേതൃത്വവുമായി നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾക്കൊടുവിലാണ് മുൻ ഐ പിഎസ് ഉദ്യോഗസ്ഥൻ കൂടിയായ അണ്ണാമലൈ ഇന്നലെ ഔദ്യോഗികമായി പാർട്ടിയിൽനിന്നും രാജിവെച്ചത്. തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയെയും വികസനത്തെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ബിജെപി നേതൃത്വവുമായി ഒത്തുപോകുന്നില്ലെന്ന് വ്യക്തമാക്കിയാണ് പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീന് അണ്ണാമലൈ രാജി സമർപ്പിച്ചത്.
പൊതുജീവിതത്തിന്റെയും രാഷ്ട്രീയ യാത്രയുടെയും അടുത്ത ഘട്ടമെന്ന് വിശേഷിപ്പിച്ചുകൊണ്ട് യുവാക്കളെയും സാധാരണക്കാരെയും കേന്ദ്രീകരിച്ചുള്ള ജനകീയ രാഷ്ട്രീയത്തിനാണ് താൻ അടിത്തറയിടുന്നതെന്ന് അണ്ണാമലൈ പ്രഖ്യാപിച്ചു. കുടുംബ രാഷ്ട്രീയത്തിനും വ്യക്തിപൂജകൾക്കും അറുതിവരുത്തി, വരുംതലമുറയ്ക്കായി പ്രത്യയശാസ്ത്ര വ്യക്തതയുള്ള മാറ്റത്തിൻ്റെ രാഷ്ട്രീയം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘വീ ദ ലീഡേഴ്സ്’ (We The Leaders) എന്ന് പേരിട്ടിട്ടുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഇതിനകം 13,85,763-ലധികം പേർ സജീവ വോളന്റിയർമാരായി രജിസ്റ്റർ ചെയ്തുകഴിഞ്ഞു.
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തൻ്റെ പുതിയ പ്രസ്ഥാനം തമിഴ്നാട്ടിൽ മത്സരിക്കുമെന്നും പരമ്പരാഗത രാഷ്ട്രീയ പാർട്ടികളെ മാറ്റിനിർത്തി സാധാരണക്കാരായ ഒട്ടനവധി പുതിയ നേതാക്കളെ ജനങ്ങൾക്കിടയിൽ നിന്നും വളർത്തിയെടുക്കുമെന്നും അണ്ണാമലൈമാധ്യമങ്ങളോട് പറഞ്ഞു.