മമതയ്ക്ക് വീണ്ടും തിരിച്ചടി: തൃണമൂൽ കോൺഗ്രസ് വിട്ട് രാജ്യസഭാംഗം സുഷ്മിത ദേവ്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഈ ആഴ്ച രാജി വെക്കുന്ന രണ്ടാമത്തെ രാജ്യസഭാംഗമായി സുഷ്മിത ദേവ് മാറി. പാർട്ടിയിലെ എല്ലാ പദവികളിൽ നിന്നും രാജ്യസഭാംഗത്വത്തിൽ നിന്നും അവർ രാജിവെച്ചു. രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് നൽകിയ കത്തിലൂടെയാണ് സുഷ്മിത രാജി ഔദ്യോഗികമായി അറിയിച്ചത്.രാജിക്ക് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി ഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തുന്ന സുഷ്മിത ദേവിന്റെ ചിത്രം പുറത്തുവന്നു. ഇത് അവർ ബിജെപിയിൽ ചേരുമെന്ന സൂചനയാണ് നൽകുന്നത്. “അസംബന്ധം മാത്രo” എന്നാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സുഷ്മിത നൽകിയ മറുപടി. 2021-ൽ കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്ന സുഷ്മിത, അഖിലേന്ത്യ മഹിളാ കോൺഗ്രസ് അധ്യക്ഷ പദവി വഹിച്ചിട്ടുള്ള നേതാവാണ്.

കോൺഗ്രസ്സ് വിട്ട സുഷ്മിത ദേവിനെ തൃണമൂൽ കോൺഗ്രസ്സിലേക്ക് അഭിഷേക് ബാനർജി സ്വീകരിച്ചപ്പോൾ (ഫയൽ ഫോട്ടോ)
തിങ്കളാഴ്ച മുതിർന്ന തൃണമൂൽ നേതാവും രാജ്യസഭാംഗവുമായ സുഖേന്ദു ശേഖർ റോയും പാർട്ടി വിട്ടിരുന്നു. പാർട്ടി നേതൃത്വത്തിനെതിരെയും ബംഗാളിലെ 15 വർഷത്തെ തൃണമൂൽ ഭരണത്തിനെതിരെയും രൂക്ഷവിമർശനമുയർത്തിയാണ് അദ്ദേഹം പടിയിറങ്ങിയത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധിയെ മാനിച്ചുകൊണ്ടാണ് താൻ രാജിവെക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ ഭിന്നതകൾ രൂക്ഷമായിരിക്കുകയാണ്. അടുത്തിടെ നടന്ന നിയമസഭാ സമ്മേളനത്തിൽ, പാർട്ടി നേതൃത്വം നിർദ്ദേശിച്ച സ്ഥാനാർത്ഥിയെ തള്ളി 58 തൃണമൂൽ എംഎൽഎമാർ റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി പിന്തുണച്ചത് പാർട്ടിക്കുള്ളിലെ ആഴത്തിലുള്ള വിള്ളലുകൾ പുറത്തുകൊണ്ടുവന്നിരുന്നു. നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെയുള്ള ഈ അപ്രതീക്ഷിത വിമത നീക്കം തൃണമൂൽ കോൺഗ്രസിനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്.