സൈബർ അധിക്ഷേപം : നടൻ ടിനിടോമിനെതിരെ പോലീസ്‌സ്റ്റേഷനിൽ പരാതിനൽകി അൻസിബ

സൈബർ അധിക്ഷേപം : നടൻ ടിനിടോമിനെതിരെ പോലീസ്‌സ്റ്റേഷനിൽ പരാതിനൽകി അൻസിബ

എറണാകുളം : സൈബര്‍ അധിക്ഷേപം ആവർത്തിച്ച്‌  ടിനിടോം  തന്നെയും കുടുംബത്തേയും വേട്ടയാടുന്നുവെന്ന് അന്‍സിബ. ഇതുമായി ബന്ധപ്പെട്ട് കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്റ്റേഷനിൽ  നടി പരാതി നല്‍കി. സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. തനിക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും അന്‍സിബയുടെ പരാതിയിലുണ്ട്. വാട്‌സ്ആപ്പിലൂടെയും സൈബറിടങ്ങളിലും അമ്മയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും തന്നേയും തന്റെ കുടുംബത്തേയും വളരെ മോശമായി ചിത്രീകരിക്കുന്നു. സിനിമയില്‍ തന്നെയുള്ള ചില ആളുകളെ താന്‍ മതപരിവര്‍ത്തനം നടത്തിയെന്ന് പ്രചരിപ്പിക്കുന്നുവെന്നും അന്‍സിബ പരാതിപ്പെടുന്നു. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകനേയും മറ്റൊരാളേയും ഇസ്ലാം മതത്തിലേയ്ക്ക് ചേരാന്‍ താന്‍ നിര്‍ബന്ധിച്ചുവെന്നും അക്കാര്യം അമ്മയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ടിനി ടോം ചര്‍ച്ചയാക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ തനിക്കെതിരെ മതപരമായ ആയുധം ഉപയോഗിച്ച് 'ജിഹാദി' എന്ന് മുദ്രകുത്താന്‍ ശ്രമിച്ചെന്നും അന്‍സിബ നേരത്തെ വ്യക്തമാക്കിയിരുന്നു. നീതി ലഭിക്കാത്ത അമ്മ സംഘടനയുടെ കമ്മിറ്റിക്ക് മുന്നില്‍ പോകില്ലെന്നും നടി പറഞ്ഞു. നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ വനിത സെല്‍ എസ്‌ഐ രേഷ്മക്കെതിരെയും മൊഴി നല്‍കാനെത്തിയപ്പോഴാണ് അന്‍സിബയുടെ പ്രതികരണം.

അദ്ദേഹം തന്നോട് മാത്രമല്ല ദ്രോഹം ചെയ്തത്. ഒരു സമൂഹത്തോടാണ്, പ്രത്യേകിച്ച് കേരളം പോലെ ഇത്രയും മതേതരത്വമുള്ള ഒരു സംസ്ഥാനത്തില്‍ ജീവിക്കുന്നവരോടാണ് അദ്ദേഹം തെറ്റ് ചെയ്തിരിക്കുന്നത്. അത് വളരെ മോശമായ കാര്യമാണ്. ഒരാളോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി, എനിക്കെതിരെ മറ്റ് തെളിവുകളൊന്നും കിട്ടാതിരുന്നപ്പോള്‍ 'അന്‍സിബ ഹസന്‍' എന്ന പേര് വച്ച് ഇതിനെ വര്‍ഗീയമായി ഉപയോഗിക്കാം എന്ന് അദ്ദേഹം കരുതി. സമൂഹത്തിന് വളരെ തെറ്റായ ഒരു സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. എന്നാല്‍ ഭാഗ്യവശാല്‍ നമ്മള്‍ ജീവിക്കുന്നത് കേരളത്തിലായതുകൊണ്ട് മലയാളികള്‍ക്കെല്ലാം കാര്യങ്ങള്‍ കൃത്യമായി മനസ്സിലായിട്ടുണ്ട്. അദ്ദേഹം ചെയ്ത പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല, അതിനുള്ള ശിക്ഷ അദ്ദേഹം അനുഭവിച്ചേ മതിയാകൂ എന്നും അന്‍സിബ മുമ്പ് പറഞ്ഞിരുന്നു.