ബംഗാളിലെപ്പോലെ കേരളത്തിലെയും ഇടതുകോട്ടകൾ തകരുകയാണോ ? ഇതൊരു സൂചനയാണോ ?

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാജ്യത്തെlന്നെ കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കേരളത്തിൽ വീണ്ടും ഭരണത്തുടർച്ച പ്രതീക്ഷിച്ചിരുന്ന ഇടത് സർക്കാരിന് തെരഞ്ഞെടുപ്പ് ഫലം വന്‍ തിരിച്ചടിയായി. ഇതോടെ രാജ്യത്ത് ആകെ നിലനിന്നിരുന്ന കമ്മ്യൂണിസ്‌റ്റ് ഭരണത്തിനാണ് അന്ത്യം കുറിച്ചിരിക്കുന്നത്. കേരളത്തിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പല ചെങ്കോട്ടകളുമാണ് ഒറ്റയടിക്ക് തകർന്നത്.
മമത ബാനർജിയുടെ ഭരണത്തിന്റെ ആദ്യ ഏഴ് വർഷങ്ങളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രവർത്തകർ കൈവശപ്പെടുത്തിയിരുന്ന 80% പാർട്ടിഓഫീസുകളും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)യ്ക്ക് തിരിച്ചുനൽകിയത് 2019ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് .ഭരണകക്ഷിയായ ടിഎംസിയെ പരാജയപ്പെടുത്താനുള്ള ശ്രമത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പ്രവർത്തകർ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തതായി വ്യക്തമായതിനെത്തുടർന്നാണ് ഈ കൈമാറ്റം നടന്നിരുന്നത് .
ടിഎംസി കേഡറിൽ നിന്നുള്ള അക്രമം ഭയന്ന് ചില പ്രവർത്തകർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചതായി സിപിഐ എം സംസ്ഥാന യൂണിറ്റ് സെക്രട്ടേറിയറ്റ് അംഗം അമൽ ഹൽദാർ പറഞ്ഞിരുന്നു.അന്ന് നടന്ന ലോക്സഭാതെരഞ്ഞെടുപ്പിൽ 18 സീറ്റ് ബിജെപി നേടിയതിൽ സിപിഎം അംഗങ്ങൾക്ക് വലിയൊരു പങ്കുണ്ടായിരുന്നു.ഈ പിന്തുണ തിരിച്ചറിഞ്ഞതോടെയാണ് പിടിച്ചടക്കിയ പാർട്ടി ഓഫീസുകൾ ടിഎംസി തിരിച്ചു നൽകിയത് . ടിഎംസിയുടെ ആക്രമണത്തെ ഭയന്ന് ബിജെപിയിൽ ചേർന്ന സിപിഎം പ്രവർത്തകർ ആരും പിന്നീട് പാർട്ടിയിലേക്ക് തിരിച്ചുപോയില്ല ,മറിച്ച് കൂടുതൽപേരെ അവർ ബിജെപിയിലേക്ക് ചേർക്കുകയാണ് ഉണ്ടായത് . ഇപ്പോൾ സംസ്ഥാനം തന്നെ ബിജെപി പിടിച്ചടക്കിയിരിക്കുന്നു. ഇത്തവണ ഒരു സീറ്റ് ബംഗാളിൽ സിപിഎമ്മിന് ലഭിച്ചിട്ടുണ്ട് .വർഷങ്ങളായി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് എക്കാലത്തും ശക്തമായ പ്രതിരോധം തീർത്തിരുന്ന സംസ്ഥാനമായിരുന്നു മമതയുടെ പശ്ചിമ ബംഗാൾ എന്നതും ഇവിടെ സ്മരണീയമാണ്.
വികസനം എണ്ണിപ്പറഞ്ഞ് വിജയം ഉറപ്പിച്ചിരുന്ന പിണറായി സർക്കാരിന് ഈ തെരഞ്ഞെടുപ്പ് കനത്ത പ്രഹരമായി. ഇനിയൊരു കമ്മ്യൂണിസ്‌റ്റ് ഭരണകാലം എന്നതും ഒരു ചോദ്യചിഹ്നമായി മാറുന്നു. കേരളത്തിന് പിന്നാലെ പശ്ചിമബംഗാളിലെയും തെരഞ്ഞെടുപ്പ് ഫലം പങ്കിടുന്നതും ഇതേ ആശങ്കകൾ തന്നെയാണ്. ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികൾക്ക് ഇനി നിലനിൽപ്പുണ്ടോ അതോ ഈ തകര്‍ച്ച തുടരുമോ എന്നാണ് രാഷ്‌ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.എന്നാൽ കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തിരിച്ചടി നേരിട്ടപ്പോൾ ബംഗാളിൽ ബിജെപിയുടെ വിജയമാണ് കുറിക്കപ്പെട്ടത്. കേരളത്തിൽ ചരിത്രത്തിലാദ്യമായി ബിജെപി മൂന്ന് ആക്കൗണ്ടുകൾ തുറന്നു. തൃണമൂൽ കോൺഗ്രസിന് മികച്ച വിജയം പ്രതീക്ഷിച്ചിരുന്ന പശ്ചിമബംഗാളിൽ ബിജെപിയുടെ ശക്തമായ കൊടുംകാറ്റിൽ മമത ബാനർജി ആടിയുലഞ്ഞു.
കേരളത്തിൽ പത്ത് വർഷത്തെ ഭരണത്തിന് ശേഷമാണ് എൽഡിഎഫ് പരാജയപ്പെട്ടത്. കേന്ദ്രത്തിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങൾ തടഞ്ഞുവയ്‌ക്കപ്പെട്ടപ്പോഴും ജനങ്ങൾക്കായി പ്രവർത്തിച്ചൊരു സർക്കാരായിരുന്നു കേരളത്തിൽ എന്നാണ് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി അവകാശപ്പെടുന്നത്. എങ്കിലും കേരളത്തിൽ എൽഡിഎഫിന് ഗണ്യമായ വിജയം നിലനിർത്താൻ കഴിഞ്ഞു. ഇത് രാജ്യത്തെ ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ അവസാനത്തെ ശക്തികേന്ദ്ര പദവിയെയാണ് ഉറപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.അതേസമയം, ഇടതുപക്ഷത്തിൻ്റെ പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ കേന്ദ്രമായിരുന്ന പശ്ചിമ ബംഗാളിൽ, സിപിഎമ്മിൻ്റെയും സഖ്യകക്ഷികളുടെയും തുടർച്ചയായ അരികുവൽക്കരണം, ദേശീയ തലത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ ഭാവിയിൽ പുതിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ടെന്നും വിലയിരുത്തുന്നുണ്ട്.
2011 വരെ മൂന്ന് പതിറ്റാണ്ടിലേറെ പശ്ചിമ ബംഗാൾ ഭരിച്ചത് ഇടതുപക്ഷമാണ്. എന്നാൽ അതിനുശേഷം, അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിനും ഭാരതീയ ജനതാ പാർട്ടിക്കും ഇടയിൽ ഞെരുങ്ങി രാഷ്ട്രീയ പ്രസക്തി വീണ്ടെടുക്കാൻ പാർട്ടി പാടുപെട്ടു. സമീപകാല തെരഞ്ഞെടുപ്പുകളിൽ, അവരുടെ വോട്ട് വിഹിതം സ്‌തംഭിച്ചു. പശ്ചിമ ബംഗാളിൽ ടിഎംസി സർക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരം ഉൾപ്പെടെ നിരവധി ഘടകങ്ങൾ ബിജെപിക്ക് ഇത്തവണ ഗുണം ചെയ്‌തു.വർഗീയത, വിദ്വേഷ പ്രചാരണങ്ങൾ, ചെലവഴിച്ച കോടികൾ, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം എന്നിവയെല്ലാം ബിജെപിക്ക് നേട്ടം ഉണ്ടാക്കിയെന്ന് എംഎ ബേബി പറയുന്നു. പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി ഫലങ്ങൾ ബിജെപി നയിക്കുന്ന വലതുപക്ഷ വർഗീയ ശക്തികളുടെ ഉയർച്ചയെയാണ് കാണിക്കുന്നത്. ഇത് എല്ലാ മതേതര, പുരോഗമന, ജനാധിപത്യ ശക്തികൾക്കും ആഴത്തിലുള്ള ആശങ്കയാണ് സൃഷ്‌ടിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കൂടാതെ, തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിന് തിരിച്ചടി നേരിട്ടു. വിജയുടെ ടിവികെ ഒരു പ്രധാന ശക്തിയായി ഉയർന്നുവന്നു. അസം നിലനിർത്താൻ ബിജെപിക്ക് കഴിഞ്ഞപ്പോൾ പുതുച്ചേരിയിലും ബിജെപി ആധിപത്യമുറപ്പിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, ഫലത്തിന് പിന്നാലെ ജനവിധിയെ അംഗീകരിക്കുന്നു . എൽഡിഎഫിനെ പരാജയത്തിലേയ്‌ക്ക് നയിച്ച ഘടകങ്ങളെപ്പറ്റി അന്വേഷിക്കും. പാർട്ടി ആവശ്യമായ എല്ലാ തിരുത്തൽ നടപടികളും സ്വീകരിക്കുമെന്നും ജനങ്ങളുടെ അവകാശങ്ങൾക്കും മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് ഉയർന്നുവരുന്ന പുതിയ രാഷ്ട്രീയ സാഹചര്യം ഉയർത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനുള്ള പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാളിലും കേരളത്തിലും ഇടതുപക്ഷം ദുർബലപ്പെടുന്നെന്ന് വിദഗ്‌ധർ
2026 ലെ തെരഞ്ഞെടുപ്പോടെ രണ്ട് സംസ്ഥാനങ്ങളെയും തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ ഇടതുപക്ഷ പാർട്ടികളുടെ ശേഷി ദുർബലപ്പെടുന്നതായാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. കഴിഞ്ഞ ഒരു പതിറ്റാണ്ട് കേരളത്തിൽ ഇടതുപക്ഷം അധികാരത്തിലായിരുന്നു. ഇത്തവണ ഇടതുമുന്നണി യുഡിഎഫിനോട് പരാജയപ്പെട്ടു. എന്നാൽ, പശ്ചിമ ബംഗാളിലെ ഇടതുപാർട്ടികളുടെ അവസ്ഥ ആശങ്കാജനകമാണ് എന്ന് രാഷ്ട്രീയ വിശകലന വിദഗ്‌ധൻ അരൂപ് സെൻ പറഞ്ഞു. പ്രാദേശിക ആവശ്യങ്ങൾക്ക് അനുസൃതമായി ഭരണ മാതൃകകൾ സ്വീകരിച്ചാൽ ഇടതുപക്ഷത്തിന് ഇപ്പോഴും തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ കഴിയുമെന്ന് കേരളം കാണിച്ചുതരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.എന്നാൽ പശ്ചിമബംഗാളിൽ ഇടതുപക്ഷത്തിൻ്റെ ആഴത്തിലുള്ള തകർച്ചയെയാണ് സൂചിപ്പിക്കുന്നത്. അവിടെ സംഘടനാപരമായ തകർച്ചയും മാറുന്ന വോട്ടർ പരിഷ്‌ക്കരണങ്ങളും ഇടതുപക്ഷത്തെ വേഗത്തിൽ വീണ്ടെടുക്കാൻ കഴിയാത്തവിധം ദുർബലപ്പെടുത്തിയിരിക്കുന്നു എന്നും ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷത്തിൻ്റെ പരാജയം ആശങ്കാ ജനകമാണെന്നാണ് സിപിഐയുടെ ജനറൽ സെക്രട്ടറി ഡി രാജയുടെയും അഭിപ്രായം.