തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശശി തരൂരിന് നേരെ കൈയേറ്റ ശ്രമം; 3 പേർ പിടിയിൽ

മലപ്പുറം: വണ്ടൂരിൽ യുഡിഎഫ് സ്ഥാനാർഥി എപി അനിൽകുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ എംപി ശശി തരൂരിൻ്റെ വാഹനം തടഞ്ഞു. സംഭവത്തിൽ അദ്ദേഹത്തിൻ്റെ ഗൺമാന് മർദനമേറ്റു. ഗൺമാൻ്റെ പരാതിയിൽ വണ്ടൂർ പൊലീസ് കേസെടുത്ത് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം തിരുവാലി ചെളിത്തോട് പാലത്തിന് സമീപത്തുവച്ചാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. ശശി തരൂരും സംഘവും രണ്ട് വാഹനങ്ങളിലായി വണ്ടൂർ മണ്ഡലത്തിലെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അക്രമം. തിരുവാലി ഭാഗത്തുവച്ച് രണ്ട് വാഹനങ്ങളിലായി എത്തിയ അക്രമിസംഘം എംപിയുടെ വാഹനം തടയുകയായിരുന്നു. വാഹനം തടഞ്ഞത് ചോദ്യം ചെയ്തതോടെ സംഘത്തിലൊരാൾ ഗൺമാനെ കൈയേറ്റം ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അക്രമം പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
മൂന്നുപേർ കസ്റ്റഡിയിൽ
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിൽ കാളികാവ് സ്വദേശി ഉമ്മറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അക്രമികൾ എത്തിയ രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗൺമാൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വണ്ടൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കൃത്യമായ ആസൂത്രണത്തോടെയാണോ വാഹനം തടഞ്ഞതെന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസിൻ്റെ തീരുമാനം. പ്രതികൾക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.