ഗുണ്ടുകൾ ഒന്നിച്ചുപൊട്ടി: പാലക്കാട്ട് 34കാരന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷങ്ങൾക്കിടെ സംസ്ഥാനത്ത് പടക്കം പൊട്ടി ഒരു മരണം കൂടി.കോഴിക്കോടുണ്ടായ ദുരന്തത്തിന് പിന്നാലെയാണ് പാലക്കാടും സമാനമായ അപകടമുണ്ടായത്. ശ്രീകൃഷ്ണപുരത്ത് യുവാവും കൊയിലാണ്ടിയിൽ പത്താം ക്ലാസ് വിദ്യാർഥിയുമാണ് ദാരുണമായി മരിച്ചത്. വിഷു ആഘോഷങ്ങളുടെ സന്തോഷം നിമിഷങ്ങൾക്കകം നാടിൻ്റെ തീരാദുഃഖമായി മാറുകയായിരുന്നു.ശ്രീകൃഷ്ണപുരം രാഗം കോർണർ വെള്ളപ്പാംതൊടി സ്വദേശി ദിലീപ് (34) ആണ് പാലക്കാട് മരിച്ചത്. ഏപ്രിൽ 15ന് രാത്രി 8.30ഓടെ സുഹൃത്തുകൾക്കൊപ്പം ക്ലബ്ബിൽ വിഷു ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. ദിലീപിൻ്റെ കൈയിൽ ഒന്നിലേറെ ഗുണ്ടുകൾ ഉണ്ടായിരുന്നു. ഇതിൽനിന്ന് ഒരു പടക്കം പൊട്ടിക്കുന്നതിനിടെ കൈയിലുണ്ടായിരുന്ന മറ്റ് ഗുണ്ടുകളിലേക്ക് അബദ്ധത്തിൽ തീ പടർന്ന് ഒന്നിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തിൽ ഗുരുതര പരിക്ക്
സ്ഫോടനത്തിൻ്റെ ആഘാതത്തിൽ ദിലീപിന് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഫോടനത്തിൻ്റെ ആഘാതത്തെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ദാരുണ സംഭവത്തിൽ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ പ്രത്യേക മുൻകരുതൽ വേണമെന്ന് പൊലീസ് ഓർമിപ്പിച്ചു.