കണ്ണൂരിൽ വൻ പദ്ധതികൾ : സയൻസ് പാർക്കിന് മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും

കണ്ണൂർ: ജില്ലയിൽ വൻപദ്ധതികൾക്ക് ആരംഭം കുറിച്ചുകൊണ്ട് പിണറായി സർക്കാർ . അഞ്ചരക്കണ്ടി ചെറിയ വളപ്പിൽ ഇന്ന് സയൻസ് പാർക്കിന് മുഖ്യമന്ത്രി തറക്കല്ലിടും ; 5 ഏക്കറിൽ ഒരുങ്ങുന്ന 275 കോടിയുടെ പദ്ധതി പദ്ധതി വടക്കേ മലബാറിന്റെ വികസനത്തിന് വേഗം കൂട്ടും എന്ന് പ്രതീക്ഷിക്കുന്നു.
അഞ്ചരക്കണ്ടി ചെറിയവളപ്പില്‍ 25 ഏക്കറില്‍ 275 കോടിയുടെ സയൻസ് പാർക്കും വേങ്ങാട് പടുവിലായില്‍ കിൻഫ്രയുടെ 25 ഏക്കറില്‍ 317 കോടി ചിലവിൽ ഐ.ടി. പാർക്കുമാണ് ഒരുക്കുന്നത്. അടുത്ത ആഴ്ച്ചയോടെ പ്രവൃത്തി ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. രണ്ടു വർഷത്തിനുള്ളില്‍ നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതി.ഇരുപദ്ധതികളിലുമായി നാല് ലക്ഷം പേർക്ക് തൊഴിലവസരം ലഭിക്കും. രണ്ട് വർഷമാണ് നിർമ്മാണ കാലാവധി.ഐ.ടി. പാർക്കിനും സയൻസ് പാർക്കിനും വൈദ്യുതി ലഭ്യമാക്കുന്നതിനായി 33 കെ.വി.സബ്സ്റ്റേഷൻ നിർമ്മിക്കും. കീഴല്ലൂർ പനയത്തുപറമ്പ് പി.ഡബ്യു.ഡി റോഡില്‍ നിന്ന് ഏകദേശം 720 മീറ്റർ നീളമുള്ള അപ്രോച്ച് റോഡും നിർമ്മിക്കും. കിൻഫ്ര ഏറ്റെടുത്ത ഭാഗത്തിലൂടെയാണ് റോഡ് സൗകര്യം ഒരുക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. സ്പീക്കർ എ.എൻ ഷംസീർ വിശിഷ്ടാതിഥിയാകും. എം.പിമാരായ കെ.സുധാകരൻ , വി.ശിവദാസൻ, ശൈലജ എം.എല്‍.എ, കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. കെ.കെ.സാജു തുടങ്ങിയവർ പങ്കെടുക്കും.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തും
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നാല് സയൻസ് പാർക്കുകളിലൊന്നാണ് കണ്ണൂരില്‍ തുടങ്ങുന്നത്. സർവകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, പ്രമുഖ വ്യവസായ ഗ്രൂപ്പുകള്‍ എന്നിവയെ ഒരു കുടക്കീഴിലാക്കി ട്രിപ്പിള്‍ ഹെലിക്സ് മോഡലില്‍ നിർമ്മിക്കുന്ന സയൻസ് പാർക്കിന്റെ പ്രിൻസിപ്പല്‍ അസോസിയേറ്റ് ചുമതല കണ്ണൂർ സർവകലാശാലക്കാണ്. കേരള സംസ്ഥാന ശാസ്ത്ര സാങ്കേത പരിസ്ഥിതി കൗണ്‍സില്‍ (കെ.എസ്.ഐ.ടി.ഐ.എല്‍) മേല്‍നോട്ടം വഹിക്കും. ബയോപ്രോസസിംഗ് , ബയോപ്രോസ്പെക്ടിംഗ് മേഖലകളില്‍ ഊന്നിയുള്ള നൂതന ഗവേഷണങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാകും പാർക്കിന്റെ പ്രവർത്തനം. കണ്ണൂർ കാസർഗോഡ്, കോഴിക്കോട് മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും സഹകരണവും സയൻസ് പാർക്കിന്റെ പ്രവർത്തനങ്ങളില്‍ പ്രയോജനപ്പെടുത്തും.
അഞ്ചു ലക്ഷം ചതുരശ്ര അടിയില്‍ ആദ്യ ഐ.ടി മന്ദിരം
അഞ്ചേക്കർ വരുന്ന ഐ.ടി പാർക്കിലെ ആദ്യ ഐ.ടി മന്ദിരം ഏകദേശം അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ എല്ലാ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് രൂപ കല്‍പ്പന ചെയ്തത്. കിഫ്ബി വഴി ആദ്യഘട്ടത്തില്‍ 293.22 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ളോർ, അതിനുമുകളില്‍ ആറ് നിലകള്‍ ഉള്‍പ്പെടെ ആകെ ഒൻപത് നിലകളായാണ് കെട്ടിടത്തിന്റെ രൂപകല്‍പ്പന . താഴെയുള്ള രണ്ട് ബേസ്മെന്റ് നിലകളിലായി ഏകദേശം 456 കാറുകള്‍ പാർക്ക് ചെയ്യാം.
ഗ്രൗണ്ട് നിലയും ഒന്നാം നിലയും ഉള്‍പ്പെടെ രണ്ട് നിലകളിലായി ഏകദേശം 50,000 ചതുരശ്ര അടി വിസ്തൃതിയില്‍ ആധുനിക സൗകര്യങ്ങളോടു കൂടി പ്ലഗ് ആൻഡ് പ്ലേ സൗകര്യമുണ്ട്. മറ്റ് നിലകള്‍ വിവിധ ഐ.ടി. കമ്പനികളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ക്രമീകരിച്ച് ഉപയോഗിക്കാം. ഗ്രൗണ്ട് ഫ്ളോറില്‍ വിശാലമായ കോണ്‍ഫറൻസ് ഹാള്‍, ഓഡിറ്റോറിയം, കെയർ സെന്റർ, ഏകദേശം 10,000 ചതുരശ്ര അടി വിസ്തൃതിയുള്ള കോ വർക്കിംഗ് സ്പേസ്, ബാങ്ക് എന്നിവ ഒരുക്കും.
ബേസ്മെന്റ് നിലയില്‍ വിശാലമായ ഫുഡ് കോർട്ട്, ജിം, സ്പോർട്സ് സെന്റർ, സ്പാ, ക്ലിനിക് എന്നിവ ഒരുക്കിയിട്ടുണ്ട്. മഴവെള്ള സംഭരണ സംവിധാനം, ഇന്റേണല്‍ റോഡുകള്‍, ഡ്രെയിനേജ് സൗകര്യങ്ങള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
https://www.worldm.news/keralam/chief-minister-pinarayi--18698