ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബീഹാറിൻ്റെ പുതിയ മുഖ്യമന്ത്രി

ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബീഹാറിൻ്റെ  പുതിയ മുഖ്യമന്ത്രി

പട്‌ന: ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബീഹാറിൻ്റെ  പുതിയ മുഖ്യമന്ത്രിയാകും. നിതീഷിൻ്റെ രാജിക്ക് പിന്നാലെ ചേർന്ന യോഗത്തിൽ ബിജെപി നിയമസഭാ കക്ഷി നേതാവായി സാമ്രാട്ട് ചൗധരിയെ  തെരഞ്ഞെടുക്കുകയായിരുന്നു.ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി സാമ്രാട്ട് ചൗധരിയെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തുവെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാളെ  നടക്കുന്ന ചടങ്ങിൽ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും. പട്നയിലെ ലോക് ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ബിഹാറിൽ ആദ്യമായി ബിജെപി സർക്കാർ അധികാരത്തിലേറുകയാണെന്ന  പ്രത്യേകതയും കൂടിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. 

57 വയസുകാരനായ സാമ്രാട്ട് ചൗധരി, രാകേഷ് കുമാർ എന്ന് വിളിപ്പേരിലാണ് അറിയപ്പെടുന്നത്. താരാപൂരിൽ നിന്നുള്ള എംഎൽ എയാണ് അദ്ദേഹം. കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷനായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. സമതാ പാർട്ടി നേതാവ് ശകുനി ചൗധരിയുടെ മകനാണ് സാമ്രാട്ട് ചൗധരി. 1990ലാണ് ഔദ്യോഗിക രാഷ്‌ട്രീയ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അതും ആർജെഡിയിലൂടെ. പിന്നീട് 1999ൽ കൃഷിമന്ത്രിയായി പ്രവർത്തിച്ചു. 2018 ആർജെഡി വിട്ട് ബിജെപിയിലെത്തി. 2021 മുതൽ നിതീഷ് കുമാർ മന്ത്രിസഭയിൽ അംഗമായിരുന്നു. ബിഹാർ ആഭ്യന്തരമന്ത്രിയായിരുന്ന സമ്രാട്ട് ചൗധരി നിലവിൽ ഉപമുഖ്യമന്ത്രി പദത്തിൽ നിന്നാണ് സംസ്ഥാനത്തെ നയിക്കാനെത്തുന്നത്.

സാമ്രാട്ട് ചൗധരിയുടെ ആകെ ആസ്‌തി 11.31 കോടിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭാര്യ മംമ്‌ത കുമാരി ഒരു അഭിഭാഷക കൂടിയാണ്. അതേസമയം വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട ചില വിവാദങ്ങള്‍ പ്രശാന്ത് കിഷോറിനെപ്പോലെയുള്ളവര്‍ ഉയര്‍ത്തിയിരുന്നെങ്കിലും, അതൊന്നും ചൗധരിയുടെ രാഷ്‌ട്രീയ വളര്‍ച്ചയെ ബാധിച്ചില്ല. ചൗധരി പിഎഫ്‌സി കാമരാജ് സർവകലാശാലയിൽ നിന്ന് ഡോക്‌ടറേറ്റ് (ഓണററി) നേടിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിഹാറില്‍ ബിജെപിക്ക് സ്വന്തമായി ഒരു മുഖ്യമന്ത്രി ഉണ്ടാകുന്നു എന്നത് പാര്‍ട്ടി വളരെ ആകാംഷയോടെയാണ് കണക്കാക്കുന്നത്. സാമ്രാട്ട് ചൗധരി അധികാരമേൽക്കുന്നതോടെ ഒരു സംസ്ഥാനംകൂടി ബിജെപിയുടെ കൈകളിലെത്തുകയാണ്