പരിമിതികൾ മാറി : ബിജെപി എംഎൽഎ മാർക്ക് സഭയില്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കാം, ചര്‍ച്ചകളില്‍ പങ്കെടുക്കാം

 പരിമിതികൾ മാറി : ബിജെപി എംഎൽഎ മാർക്ക്  സഭയില്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കാം, ചര്‍ച്ചകളില്‍ പങ്കെടുക്കാം

തിരുവനന്തപുരം: പുതിയ  നിയമസഭയില്‍ അംഗബലം മൂന്നായി ഉയരുമ്പോള്‍, ഒരംഗം മാത്രമുണ്ടായിരുന്ന കാലത്തെ പരിധികളും പരിമിതികളും ബിജെപി എംഎൽഎമാർക്ക് ഇനി ഉണ്ടാകില്ല എന്ന് വിദഗ്ദ്ധർ .  

2016 ല്‍ ബിജെപി നേമത്തിലൂടെ കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കുമ്പോള്‍ ഒ രാജഗോപാല്‍ എന്ന ഏക അംഗം മാത്രമായിരുന്നു.ചോദ്യോത്തര വേളയില്‍ ചോദ്യമുന്നയിക്കാനും സബ്മിഷന്‍, ശ്രദ്ധക്ഷണിക്കല്‍ എന്നിവയില്‍ പങ്കെടുക്കാനുമുള്ള അവസരമേ അന്നുണ്ടായിരുന്നുള്ളൂ .സഭയില്‍ രാഷ്ട്രീയം ഉയര്‍ത്താനുള്ള ശൂന്യവേളയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കാന്‍ കഴിയുമായിരുന്നില്ല. കാരണം അത്തരത്തില്‍ ഒരു നോട്ടീസ് സ്പീക്കര്‍ക്ക് നല്‍കുമ്പോള്‍ അതിനെ പിന്താങ്ങാന്‍ ബിജെപിക്ക് മറ്റൊരു അംഗം ഉണ്ടായിരുന്നില്ല. മാത്രമല്ല, ധനാഭ്യര്‍ത്ഥന ചര്‍ച്ചകളിലും ധന വിനിയോഗ ബില്ലുകളിലും മറ്റ് നിയമനിര്‍മാണങ്ങളിലും പങ്കെടുത്ത് രാഷ്ട്രീയം പറായനുള്ള അവസരം വിരളമായിരുന്നു. കാരണം ചര്‍ച്ചയ്ക്ക് അംഗബലത്തിൻ്റെ അടിസ്ഥാനത്തില്‍ ഒരു മിനിട്ടോ രണ്ടു മിനിട്ടോ മാത്രമാണ് പ്രസംഗിക്കാന്‍ അവസരം ലഭിച്ചിരുന്നത്.എന്നാല്‍ ഇപ്പോള്‍ അംഗബലം 3 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ മൂന്നംഗങ്ങള്‍ക്കും ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിക്കാം. ശൂന്യവേളയില്‍ ചട്ടം 50 പ്രകാരം അടിയന്തിര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കാം. കാരണം ഒരംഗം നോട്ടീസിന് അനുമതി തേടുമ്പോള്‍ ഇപ്പോള്‍ പിന്തുണയ്ക്കാന്‍ രണ്ട് അംഗങ്ങള്‍ ഉണ്ട്. ശൂന്യവേളയില്‍ അടിയന്തിര പ്രമേയത്തിനുള്ള അനുമതി തേടി നോട്ടീസ് നല്‍കുമ്പോള്‍ ഒരംഗത്തിൻ്റെ പിന്തുണ എങ്കിലും വേണമെന്നാണ് നിയമം.ഏകദേശം ഒരു മാസത്തോളം നീളുന്ന ഒരു സഭാ സമ്മേളനത്തില്‍ ഇവര്‍ നല്‍കുന്ന അടിയന്തിര നോട്ടീസില്‍ ഒരെണ്ണത്തിനെങ്കിലും സ്പീക്കര്‍ സ്വാഭാവികമായി അനുമതി നല്‍കേണ്ടി വരും. അവിടെ നോട്ടീസിന് അനുമതി തേടി തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ മുന്നോട്ടു വച്ച് നോട്ടീസ് നല്‍കുന്ന ബിജെപി അംഗത്തിന് സഭയ്ക്കുള്ളില്‍ പ്രസംഗിക്കാം. അതേസമയം, ലോക്‌സഭയില്‍ തുടര്‍ച്ചയായി പ്രതിപക്ഷത്തിൻ്റെ അടിയന്തിര നോട്ടീസുകള്‍ നിരാകരിക്കുന്ന സ്പീക്കര്‍ ഓം ബിര്‍ളയുടെ നടപടി ചൂണ്ടിക്കാട്ടി നോട്ടീസ് സ്പീക്കര്‍ക്ക് ഈ നോട്ടീസ് നിരാകരിക്കുകയും ചെയ്യാം.

സാധാരണ ഗതിയില്‍ ധനവിനിയോഗ ചര്‍ച്ച ഏകദേശം 13 ദിവസത്തോളം നീണ്ടു നില്‍ക്കാം. മൂന്നു മണിക്കൂറായിരിക്കും ഒരു ദിവസത്തെ ചര്‍ച്ചയുടെ ദൈര്‍ഘ്യം. ഇതില്‍ ഒന്നിടവിട്ട പല ദിവസങ്ങളായി ഏകദേശം മൂന്നു ദിവസത്തോളം ബിജെപിക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.