ബിജെപിയിൽ അഴിച്ചുപണി; പഞ്ചാബ്, ഹരിയാന, ഡൽഹി, ത്രിപുര സംസ്ഥാനങ്ങൾക്ക് പുതിയ അധ്യക്ഷന്മാർ

ബിജെപിയിൽ അഴിച്ചുപണി; പഞ്ചാബ്, ഹരിയാന, ഡൽഹി, ത്രിപുര സംസ്ഥാനങ്ങൾക്ക് പുതിയ അധ്യക്ഷന്മാർ

ന്യുഡൽഹി: സംസ്ഥാന തലത്തിലുള്ള സംഘടനാ ഘടനയിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഭാരതീയ ജനത പാർട്ടി (ബിജെപി). പഞ്ചാബ്, ഹരിയാന, ഡൽഹി, ത്രിപുര സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ നിയമിച്ചതായി പാർട്ടി നേതൃത്വം അറിയിച്ചു. ദേശീയ അധ്യക്ഷൻ നിതിൻ നബീൻ്റെ നേതൃത്വത്തിലാണ് പുതിയ നിയമനങ്ങൾ നടപ്പിലാക്കിയത്.പഞ്ചാബിലെ ബിജെപി അധ്യക്ഷനായി കീവൽ സിങ് ധില്ലോണിനെ നിയമിച്ചു. ഹരിയാനയിൽ അർച്ചന ഗുപ്‌തയ്ക്കാണ് സംസ്ഥാന അധ്യക്ഷ പദവി നൽകിയത്. ഡൽഹിയിൽ ബിജെപി അധ്യക്ഷനായി കേന്ദ്ര സഹമന്ത്രി ഹർഷ് മൽഹോത്രയെ നിയമിച്ചപ്പോൾ, ത്രിപുര ബിജെപി യൂണിറ്റിൻ്റെ ചുമതല അഭിഷേക് ദെബ്രോയിക്ക് കൈമാറി.

കീവൽ സിംഗ് ധില്ലോൺ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക്

പഞ്ചാബ് രാഷ്ട്രീയത്തിൽ സുപരിചിതനായ കീവൽ സിംഗ് ധില്ലോൺ മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിൻ്റെ അടുത്ത അനുയായിയായിരുന്നു. മുൻ കോൺഗ്രസ് നേതാവായിരുന്ന ധില്ലോൺ 2012 മുതൽ 2017 വരെ ബർണാല മണ്ഡലത്തിൽ നിന്ന് പഞ്ചാബ് നിയമസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.2022 ജൂൺ 4 നാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എത്തിയ നേതാവിനെ സംസ്ഥാന അധ്യക്ഷനാക്കിയത് പഞ്ചാബിൽ പാർട്ടി ശക്തിപ്പെടുത്താനുള്ള നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഡൽഹിയിൽ ഹർഷ് മൽഹോത്രയ്ക്ക് നിർണായക ചുമതല

ഡൽഹിയിലെ പ്രമുഖ ബിജെപി നേതാവായ ഹർഷ് മൽഹോത്ര നിലവിൽ കിഴക്കൻ ഡൽഹി മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗമാണ്. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം വിജയിച്ച് പാർലമെൻ്റിലെത്തിയത്. ഇപ്പോൾ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലും റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിലും സഹമന്ത്രിയായി സേവനം അനുഷ്ഠിക്കുന്ന മൽഹോത്രയ്ക്ക് ഡൽഹി ബിജെപിയുടെ സംഘടനാ ചുമതല നൽകിയത് ദേശീയ നേതൃത്വത്തിൻ്റെ വ്യക്തമായ രാഷ്‌ട്രീയ കണകുക്കൂട്ടലായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ത്രിപുരയിൽ അഭിഷേക് ദെബ്രോയ്

ത്രിപുരയിലെ മാതബാരി മണ്ഡലത്തിൽ നിന്ന് 2023 നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി നേതാവാണ് അഭിഷേക് ദെബ്രോയ്. നിലവിൽ നിയമസഭാംഗമായ അദ്ദേഹം സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തിയത് പാർട്ടിയുടെ യുവ നേതൃമുഖങ്ങളെ ഉയർത്തിക്കാട്ടുന്ന നീക്കമായാണ് കണക്കാകപ്പെടുന്നത്.

രാജ്യസേവനത്തിന് സമർപ്പണം എന്ന് അർച്ചന ഗുപ്‌ത

ഹരിയാനയുടെ രാഷ്‌ട്രിയ മണ്ണിനെ മനസ്സിലാക്കിയ ശക്കമായ ഒരു പ്രവർത്തകയാണ് അർച്ചന ഗുപ്‌ത.സ്ത്രീ ശാക്തീകരണം, നാരീ വന്ദൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ബേഠി ബച്ചാവോ ബേഠി പഠാവോ' പദ്ധതി, ആത്മനിർഭർ ഭാരത് തുടങ്ങിയ വിഷയങ്ങളിൽ അവർ ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട് ബിജെപി അധ്യക്ഷയായി നിയമിതയായ അർച്ചന ഗുപ്‌ത പാർട്ടി നേതൃത്വത്തിന് നന്ദി അറിയിക്കുകയും ചെയ്യ്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം."ഹരിയാന ബിജെപി സംസ്ഥാന അധ്യക്ഷയായി എനിക്ക് നൽകിയ ഉത്തരവാദിത്വം പൂർണ്ണ ആത്മാർത്ഥതയോടും സമർപ്പണത്തോടും സേവന മനോഭാവത്തോടും കൂടി നിർവഹിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ഈ ബഹുമതി എനിക്ക് മാത്രമല്ല, പാർട്ടിയുടെ ആശയങ്ങളോടും രാജ്യസേവനത്തോടും പ്രതിബദ്ധത പുലർത്തുന്ന ഓരോ പ്രവർത്തകനും ഉള്ളതാണ്,” അർച്ചന ഗുപ്‌ത കുറിച്ചു.