നാടിനെ നടുക്കി 'ബക്കറ്റ് ബോംബുകൾ ' : ​നിർമ്മാതാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം

നാടിനെ നടുക്കി  'ബക്കറ്റ് ബോംബുകൾ  ' : ​നിർമ്മാതാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം

കോഴിക്കോട്: വടകര ചാനിയംകടവിൽ കലുങ്കിനടിയിൽ ഉപേക്ഷിച്ച നിലയിൽ സ്ഫോടകവസ്തുക്കളോട് സാമ്യമുള്ള വസ്തുക്കൾ കണ്ടെത്തിയത് പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തി. സ്റ്റീൽ ബോംബുകളാണെന്ന നിഗമനത്തിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തിയപ്പോഴാണ് ഇവ മണൽ നിറച്ച വ്യാജ ബോംബുകളാണെന്ന് സ്ഥിരീകരിച്ചത്. സമീപകാലത്തുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബോധപൂർവം പ്രകോപനം സൃഷ്ടിക്കാൻ നടത്തിയ നീക്കമാണിതെന്ന് പൊലീസ് സംശയിക്കുന്നു.ചാനിയംകടവ് ഭാഗത്തെ ഒരു കലുങ്കിനടിയിൽ പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾക്ക് സമാനമായ വസ്തുക്കൾ നാട്ടുകാർ കണ്ടത്. കാഴ്ചയിൽ സ്റ്റീൽ ബോംബുകളാണെന്ന് തോന്നിപ്പിക്കുന്ന വിധം തയാറാക്കിയ ഇവ കണ്ടതോടെ നാട്ടുകാർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

​വിവരമറിഞ്ഞ ഉടൻ വടകര പൊലീസും പിന്നാലെ വിദഗ്ധ ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. ബോംബുകൾ നിർവീര്യമാക്കാനുള്ള നടപടികൾക്കിടെയാണ് ഇവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. സ്റ്റീൽ പാത്രങ്ങൾക്കുള്ളിൽ മണൽ നിറച്ച നിലയിലായിരുന്നു.പരിശോധനയിൽ ഈ പാത്രങ്ങളിൽ നേരിയ തോതിൽ സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവ പൊട്ടിത്തെറിക്കാനോ അപകടമുണ്ടാക്കാനോ ശേഷിയുള്ളവയല്ലെന്ന് ബോംബ് സ്ക്വാഡ് വ്യക്തമാക്കി.

​രാഷ്ട്രീയ സംഘർഷവും ഗൂഢാലോചനയും

​കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചാനിയംകടവ് പ്രദേശത്ത് സിപിഎം - മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ രൂക്ഷമായ സംഘർഷം നിലനിന്നിരുന്നു. ഈ സാഹചര്യത്തിൽ ബോംബ് കണ്ടെത്തിയത് നാടിനെ വീണ്ടും ഭീതിയിലാഴ്ത്തി.തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ മൂന്ന് ലീഗ് പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനും പരിക്കേറ്റിരുന്നു. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.ബോധപൂർവം പൊലീസിനെ കബളിപ്പിക്കാനും നാട്ടിൽ വീണ്ടും കലാപാന്തരീക്ഷം സൃഷ്ടിക്കാനും ആരോ കരുതിക്കൂട്ടി ചെയ്ത പ്രവൃത്തിയാണിതെന്ന് പരക്കെ ആക്ഷേപമുണ്ട്. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ സ്ഥലത്ത് നേരത്തെ തന്നെ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് ഇത്തരം വസ്തുക്കൾ നിക്ഷേപിച്ചതിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്ന് പൊലീസ് കരുതുന്നു.

​അന്വേഷണം തുടരുന്നു

​വ്യാജ ബോംബുകൾ നിർമിച്ചവരെയും അത് കലുങ്കിനടിയിൽ സ്ഥാപിച്ചവരെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.​നാട്ടിൽ അനാവശ്യ ഭീതി പടർത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു വരികയാണ്. പ്രതികളെ ഉടൻ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായിലാണ് പൊലീസ്.​പ്രദേശത്ത് നിലവിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.