നാലുവരിപ്പാതയ്ക്കായി കേരളത്തിന് 1663.15 കോടി രൂപ അനുവദിച്ച് കേന്ദ്രം

കൊല്ലം: ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ നാഴികക്കല്ലായി മാറുന്ന റോഡ് വികസന പദ്ധതിക്ക് കേന്ദ്ര സർക്കാരിൻ്റെ അംഗീകാരം. ദേശീയപാത 183-ൽ കൊല്ലം ബൈപ്പാസ് ജങ്ഷൻ മുതൽ അഞ്ചിലിമൂട് വരെ 54.37 കിലോമീറ്റർ ദൂരം നാലുവരി പാതയാക്കി മാറ്റുന്നതിനായി 1663.15 കോടി രൂപ കേന്ദ്രം അനുവദിച്ചു.
കശുവണ്ടി വ്യവസായത്തിൻ്റെ ആസ്ഥാനമായ കൊല്ലത്ത് ഒട്ടനേകം സംസ്കരണ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. റോഡ് വികസനം കശുവണ്ടി മേഖലയ്ക്ക് പുറമെ കയർ, സെറാമിക്സ്, റെയർ എർത്ത്, മത്സ്യബന്ധനം തുടങ്ങിയ പ്രധാന വ്യവസായങ്ങൾക്കും വലിയ കുതിപ്പേകും. ഒന്നര ലക്ഷത്തിലധികം തൊഴിലാളികൾ ആശ്രയിക്കുന്ന ഈ മേഖലകളിൽ ചരക്കുനീക്കം സുഗമമാക്കുന്നതിലൂടെ ഗതാഗത ചെലവ് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും സാധിക്കും.കൊല്ലം തുറമുഖവുമായുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥ കൂടുതൽ കരുത്താർജ്ജിക്കും. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനൊപ്പം നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിധി വരെ പരിഹാരമാകുന്ന ഈ പദ്ധതി, തേക്കടി, പെരിയാർ ടൈഗർ റിസർവ് തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയും എളുപ്പമാക്കും. ടൂറിസം മേഖലയിലെ ഈ വളർച്ച കൊല്ലത്തിൻ്റെ സമഗ്രമായ സാമ്പത്തിക വികസനത്തിന് പുതിയ ഊർജ്ജം പകരുമെന്ന് മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.